രണ്ടുരൂപയുടെ അരി: പട്ടികയില്‍ സമ്പന്നരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

പറവൂര്‍: ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയപ്പോള്‍ റേഷന്‍ വിഹിതം നഷ്ടപ്പെട്ട മുന്‍ഗണനേതര വിഭാഗങ്ങളുടെ പട്ടികയില്‍ സമ്പന്നരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കടന്നുകൂടി. റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസമാണ് രണ്ടുരൂപ നിരക്കില്‍ ലഭിക്കുന്ന റേഷനുടമകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ ലിസ്റ്റില്‍ അര്‍ഹതപ്പെട്ട പലരും തഴയപ്പെടുകയും പുറത്താവുകയും ചെയ്തത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന റേഷന്‍ വിഹിതങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരും ആനൂകൂല്യങ്ങള്‍ കൈപ്പറ്റാത്തവരുമായ നിരവധി പേരാണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഏക്കറുകണക്കിന് സ്ഥലങ്ങളുള്ള ഭൂവുടമകളും പ്രവാസി ബിസിനസുകാരും കരാറുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും മാസത്തില്‍ രണ്ടുകിലോ അരി വീതം രണ്ടുരൂപ നിരക്കില്‍ ലഭിക്കുന്ന പദ്ധതിയാണ് ഇത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററാണ് പട്ടിക തയാറാക്കിയത്. ഇങ്ങനെ തയാറാക്കിയ പട്ടികയില്‍ താലൂക്കിലെ ഭൂരിപക്ഷം റേഷന്‍ ഉടമകളും ഉള്‍പ്പെട്ടിട്ടുണ്ട്. മുമ്പ് രണ്ടുരൂപ നിരക്കില്‍ അരി ലഭിച്ചിരുന്ന മുന്‍ഗണനേതര വിഭാഗങ്ങളുടെ പട്ടിക തയാറാക്കാനാണ് സിവില്‍ സപൈ്ളസ് വകുപ്പ് ഇവരെ ചുമതലപ്പെടുത്തിയത്. എന്നാല്‍, അതത് താലൂക്കുകളില്‍നിന്ന് ലഭിച്ച ലിസ്റ്റുകള്‍ അതേപടി പ്രസിദ്ധീകരിക്കുകയാണ് എന്‍.ഐ.സി ചെയ്തത്. പട്ടികയില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള വിവരം പുറത്തായതോടെ ഇവരെ നീക്കം ചെയ്യാന്‍ താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ക്ക് സിവില്‍ സപൈ്ളസ് കമീഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ജോലിക്കാര്‍ ആരൊക്കെയാണെന്നുള്ള വിവരം ലഭിക്കാത്തതിനാല്‍ ഇവരെ നീക്കം ചെയ്യുന്ന കാര്യം എളുപ്പമാകില്ളെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍.ഐ.സി. തയാറാക്കിയ ലിസ്റ്റില്‍ പ്രോഗ്രാമിലുണ്ടായ പിഴവാണ് അപാകതകള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.