എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് പുനര്‍നിയമനം കായിക അധ്യാപകര്‍ ആശങ്കയില്‍

കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതോടെ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ സ്പെഷലിസ്റ്റ് അധ്യാപകര്‍ തഴപ്പെടുമെന്ന് അശങ്ക. സര്‍ക്കാര്‍ സ്കൂളുകളിലെ കലാ, കായിക, തുന്നല്‍ വിഭാഗം സ്പെഷലിസ്റ്റ് അധ്യാപകരില്‍ 78 പേര്‍ അധികമാണെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ കായികാധ്യാപകരാണ്. ഹൈസ്കൂള്‍, യു.പി സ്കൂളുകളിലെ കായിക അധ്യാപക തസ്തികള്‍ വേര്‍തിരിച്ചായിരുന്നു പി.എസ്.സി നിയമനം നടത്തിയിരുന്നത്. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കായിക അധ്യാപകരുടെ ഒറ്റ ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക അധ്യാപക സംഘടന പ്രതിനിധികള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ്. എച്ച്.എസ്, യു.പി.എസ് അധ്യാപകരുടെ ശമ്പളത്തില്‍ വ്യത്യാസമില്ലാത്തത് കൊണ്ടാണ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ഒറ്റ ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ വിശദീകരണം. യു.പിയില്‍ കുറഞ്ഞത് 500 കുട്ടികളും ഹൈസ്കൂളുകളില്‍ എട്ട്, ഒന്‍പത് ക്ളാസുകളില്‍ അഞ്ച് ഡിവിഷനുകളിലായി ഒന്ന് വീതം കായിക അധ്യാപകരെയാണ് നിയമിക്കുന്നത്. 2001ന് ശേഷം കായിക അധ്യാപക നിയമനം നടന്നിട്ടില്ല. എറണാകുളം, വൈപ്പിന്‍, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി ഉപജില്ലകളിലായി നിലവില്‍ 17 കായികാധ്യാപകരാണ് ജോലിയില്‍ ഉള്ളത്. റിട്ടയര്‍ ചെയ്തവര്‍ക്ക് പകരം നിയമനവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ രണ്ടും മൂന്നും സ്കൂളുകളിലായാണ് കായിക അധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് കുട്ടികളില്ളെന്ന് കാരണം ചൂണ്ടിക്കാട്ടി നിലവിലുള്ള സ്പെഷലിസ്റ്റ് അധ്യാപകര്‍ കൂടുതലാണെന്ന് പറയുകയും അതേസ്ഥാനത്ത് എയ്ഡഡ് സ്കൂളിലെ സംരക്ഷിത അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നതാണ് വിവാദമായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.