എയര്‍ ഹോണ്‍ നിയന്ത്രണം ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

മട്ടാഞ്ചേരി: സ്വകാര്യ ബസുകളിലെ അസഹനീയ ഹോണ്‍ ശബ്ദം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവത്കരണം. ആന്‍റി ഹോണ്‍ ഡേയുടെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തിയത്. എയര്‍ ഹോണ്‍, മള്‍ട്ടി ഹോണ്‍ തുടങ്ങിയവ ബസുകളില്‍ ഉപയോഗിക്കുന്നത് മൂലം ബസ് യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ തീരുമാനിച്ചത്. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സഹകരണത്തോടെയായിരുന്നു പരിപാടി. എണ്‍പത് ഡെസിബല്‍ സൗണ്ട് ഹോണ്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നിരിക്കെ അതില്‍ കൂടുതലാണ് പല ഡ്രൈവര്‍മാരും പ്രയോഗിക്കുന്നത്. ആശുപത്രി, സ്കൂള്‍ പരിസരങ്ങളില്‍ എയര്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ളെന്നാണ് നിയമം. നിയമം ലംഘിച്ചാണ് ഹോണ്‍ മുഴക്കുന്നത്. ഗതാഗത തടസ്സമുണ്ടാകുമ്പോഴും അനാവശ്യമായി ഹോണ്‍ ഉപയോഗിക്കുന്നത് പതിവാണ്. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മട്ടാഞ്ചേരി ജോയന്‍റ് ആര്‍.ടി.ഒ അനന്തകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിബി ചെറിയാന്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി രാമപടിയാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.