കോരന്‍കടവ് പാലം നിര്‍മാണം നിലച്ചിട്ട് ആറു വര്‍ഷം

കോലഞ്ചേരി: കുന്നത്തുനാട് -പിറവം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കോരന്‍കടവ് പാലം നിര്‍മാണം നിലച്ചിട്ട് ആറു വര്‍ഷം പിന്നിടുന്നു. ഇരു മണ്ഡലങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ കറുകപ്പിളളി കോരന്‍കടവിലാണ് ആറു വര്‍ഷം മുമ്പ് പാലം നിര്‍മാണം ആരംഭിച്ചത്. എം.എല്‍.എ ആയിരുന്ന എം.എം. മോനായി 2010ല്‍ അനുവദിച്ച 10.9 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം തുടങ്ങിയത്. 138 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമായിരുന്നു പാലത്തിനുണ്ടായിരുന്നത്. നിര്‍മാണമാരംഭിച്ച് ആറു വര്‍ഷം പിന്നിടുമ്പോഴും പാലത്തിന് വേണ്ട ഏഴ് സ്പാനുകളില്‍ അഞ്ചെണ്ണം മാത്രം പൂര്‍ത്തിയാക്കാനേ കഴിഞ്ഞുള്ളൂ. പാലത്തോടനുബന്ധിച്ച് ഇരു കരകളിലുമുള്ള അപ്രോച്ച് റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാറും സ്ഥലമുടമകളും തമ്മിലുള്ള തര്‍ക്കമാണ് നിര്‍മാണം നിലക്കാന്‍ കാരണമായത്. പാലത്തിനും റോഡിനുമായി കുന്നത്തുനാട് മണ്ഡലത്തില്‍ പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി ഭാഗത്ത് 12 കുടുംബങ്ങളുടെ 52 സെന്‍റ് ഭൂമിയും പിറവം മണ്ഡലത്തിലെ രാമമംഗലം പഞ്ചായത്തിലെ സ്ഥലമുടമകളുടെ 12 സെന്‍റ് ഭൂമിയുമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാലത്തിനുവേണ്ട ഏഴ് സ്പാനുകളില്‍ പൂര്‍ത്തിയായ അഞ്ച് എണ്ണം ഒഴികെ ബാക്കിയുള്ള രണ്ട് സ്പാനുകളുടെ നിര്‍മാണം ആരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കണം. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതായതോടെ കരാറുകാരന്‍ അഞ്ച് സ്പാനുകളുടെ പണി പൂര്‍ത്തിയാക്കി അവസാനിപ്പിച്ചു. ഇതോടെ ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച പാലം നിര്‍മാണം പാതിവഴിയില്‍ നിലക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി പാലത്തിന് ഇരു കരയിലുമുള്ളവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ഭൂമിയേറ്റെടുത്തു നല്‍കണമെന്ന് റവന്യൂ വകുപ്പിനോട് ആക്ഷന്‍ കൗണ്‍സിലിന്‍െറ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ ആവശ്യവുമായി കുന്നത്തുനാട്, പിറവം എം.എല്‍.എമാരെ പലവട്ടം ബന്ധപ്പെട്ടെങ്കിലും പാലം നിര്‍മാണം സുഗമമാക്കാനുള്ള ഒരു നടപടിയും ഇവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രശ്നം പരിഹരിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് രാമമംഗലം, കറുകപ്പിള്ളി നിവാസികളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയത്. പാലം നിര്‍മാണത്തിന്‍െറ പേരില്‍ നേരത്തേ ഉണ്ടായിരുന്ന പഞ്ചായത്ത് വക കടത്തുവഞ്ചികൂടി ഇല്ലാതായതോടെ കറുകപ്പിള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികളും രോഗികളും രാമമംഗലത്തുള്ള സ്കൂളിലേക്കും ആശുപത്രിയിലേക്കും പോകുന്നത് ഒമ്പതു കി.മീറ്റര്‍ അധികം ചുറ്റിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും മണ്ഡലത്തില്‍ കോരന്‍കടവ് പാലത്തിന്‍െറ നിര്‍മാണം നിലച്ചത് പ്രധാന പ്രചാരണായുധമായിരുന്നു. രണ്ടു മുന്നണികളും ഇക്കാര്യത്തില്‍ തങ്ങളുടെ വാദങ്ങള്‍ ജനങ്ങളുടെ മുന്നിലത്തെിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയാണ് പ്രദേശവാസികള്‍ക്ക്. ഇതിനായി മുഖ്യമന്ത്രിക്കും വിവിധ വകുപ്പുമന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.