മൂവാറ്റുപുഴയിലെ ഗതാഗത പരിഷ്കരണം അട്ടിമറിച്ചു: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൂചന ബോര്‍ഡുകള്‍ നശിക്കുന്നു

മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത പരിഷ്കാരം അട്ടിമറിച്ചതോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൂചന ബോര്‍ഡുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. രണ്ടു മാസം മുമ്പ് കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന ഗതാഗത പരിഷ്കാരം നടപ്പാക്കി മൂന്നാം നാള്‍ അട്ടിമറിച്ചതിനെ തുടര്‍ന്നാണ് റോഡില്‍ സ്ഥാപിക്കേണ്ട സൂചനാ ബോര്‍ഡും അനാഥമായി മൂലക്കൊതുക്കിയത്. ഇതോടെ ലക്ഷക്കണക്കിന് രൂപയാണ് നഗരസഭക്ക് നഷ്ടമായത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കൊണ്ടുവന്ന പരിഷ്കാരത്തിന് വന്‍ ജനപിന്തുണ ലഭിച്ചിരുന്നു. കാവുങ്കര മേഖലയില്‍ അടക്കം പരിഷ്കാരം ഗുണകരമാകുകയും ചെയ്തു. എന്നാല്‍, നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തെ സഹായിക്കുന്ന തരത്തില്‍ അരമന കവലയില്‍ പരിഷ്കരണത്തില്‍ മാറ്റം വരുത്തിയതോടെ വ്യാപാരികള്‍ അടക്കം പരിഷ്കരണത്തിനെതിരെ രംഗത്തുവന്നു. ഇതോടെ പരിഷ്കരണം പിന്‍വലിക്കുകയായിരുന്നു. പത്ത് ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഗതാഗത ഉപദേശക സമിതി നിര്‍ദേശിച്ച പരിഷ്കരണമാണ് നാലാം ദിവസം പിന്‍വലിച്ചത്. ജനരോഷമുയര്‍ന്നതോടെ ഒരാഴ്ചക്കകം ചില മാറ്റങ്ങള്‍ വരുത്തി പരിഷ്കരണം നടപ്പാക്കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടു മാസം പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. ഇതിനിടെ പരിഷ്കരണത്തിന്‍െറ ഭാഗമായി റോഡില്‍ സ്ഥാപിക്കാനായി നിര്‍മിച്ച സൂചനാ ബോര്‍ഡുകളാണ് തുരുമ്പെടുക്കുന്നത്. ദൈനംദിന ചിലവുകള്‍ക്കായി ബുദ്ധിമുട്ടുന്ന നഗരസഭ ഒന്നര ലക്ഷം രൂപയാണ് പാര്‍ക്കിങ്, നോപാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് വേണ്ടിപൊടിച്ചത്. നഗരസഭ ഭരണ നേതൃത്വത്തിലെ ചിലരുടെ താല്‍പര്യക്കുറവാണ് ജനോപകാരപ്രദമായിരുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഇതിനിടെ ഗതാഗത ഉപദേശക സമിതി പ്രഖ്യാപിച്ച തരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കണമെന്ന് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.