പാര്‍ക്കിങ്ങില്‍ വലഞ്ഞ് നഗരങ്ങള്‍; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ജില്ല

കൊച്ചി: എറണാകുളം സിറ്റിയിലും ജില്ലയിലെ ചെറു നഗരങ്ങളിലും അശാസ്ത്രീയ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതം താറുമാറാക്കുന്നു. കൊച്ചി, അങ്കമാലി, മൂവാറ്റുപുഴ, ആലുവ, കോതമംഗലം ഉള്‍പ്പെടെ നഗരങ്ങളില്‍ ശാസ്ത്രീയ പാര്‍ക്കിങ്ങിന്‍െറ അഭാവവും പാര്‍ക്കിങ് സംവിധാനം ഇല്ലാത്തതും വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നിയമം ലംഘിച്ചും ഗതാഗത മര്യാദകള്‍ പാലിക്കാതെയും വാഹനങ്ങള്‍ തോന്നുംപടി പാര്‍ക്ക് ചെയ്യുന്നതാണ് മുഖ്യപ്രശ്നം. അനിയന്ത്രിതമായ പാര്‍ക്കിങ് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കുപോലും കാരണമായിട്ടുണ്ട്. റോഡ് കൈയേറിയുള്ള പാര്‍ക്കിങ്ങും നടപ്പാതയിലെ കച്ചവടവും കൂടിയാകുന്നതോടെ തട്ടിക്കൂട്ട് ട്രാഫിക് സംവിധാനമാകെ തകരാറിലാവുകയാണ് പതിവ്. പല വന്‍കിട സ്ഥാപനങ്ങളും പാര്‍ക്കിങ് ഏരിയ കെട്ടിട നിര്‍മാണത്തിന്‍െറ പ്ളാനില്‍ കാണിക്കുന്നതല്ലാതെ സൗകര്യമൊരുക്കാറില്ല. പലയിടത്തും പാര്‍ക്കിങ് ഏരിയ പിന്നീട് കടമുറിയായി മാറ്റിയിട്ടുമുണ്ട്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍തന്നെ ഒത്താശചെയ്യുന്നതടക്കം പ്രശ്നങ്ങളാണ് നഗരങ്ങളെ ഊരാക്കുടുക്കിലാക്കുന്ന മറ്റൊരു സംഗതി. എറണാകുളം എം.ജി റോഡ്, ചിറ്റൂര്‍ റോഡ്, ബ്രോഡ്വേ, ഷണ്‍മുഖം റോഡ്, മേനക മേഖലകളിലെല്ലാം അനധികൃത പാര്‍ക്കിങ് മൂലം സഞ്ചാരം ബുദ്ധിമുട്ടാണ്. മെട്രോ റെയില്‍ നിര്‍മാണം തുടങ്ങിയതോടെ എറണാകുളം- ആലുവ റോഡില്‍ പാര്‍ക്കിങ്ങിന് സൗകര്യം തീരെയില്ലാതായി. ഇടപ്പള്ളിയില്‍ മാളിലത്തെുന്നവരുടെ വാഹനങ്ങള്‍ വഴിയിലിടുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. പാര്‍ക്കിങ്ങിന് സൗകര്യമുണ്ടായിരിക്കെയാണ് റോഡുവക്കിലെ അനധികൃത പാര്‍ക്കിങ്. വൈറ്റിലയില്‍ ബസ് ടെര്‍മിനലിനോടനുബന്ധിച്ച് മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തതും പ്രശ്നമാണ്. ആലുവയില്‍ റോഡരികിലെ അനധികൃത പാര്‍ക്കിങ് നഗരത്തെ പലപ്പോഴും നിശ്ചലമാക്കുന്നു. തിരക്കേറിയ പമ്പ് കവല മുതല്‍ റെയില്‍വേ സ്റ്റേഷന്‍ സ്ക്വയര്‍ വരെ വീതി കുറഞ്ഞ റോഡിലാണ് പാര്‍ക്കിങ് മൂലമുള്ള പ്രതിസന്ധി. റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നവരുടെ വാഹനം പലപ്പോഴും റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. അങ്കമാലിയില്‍ അനധികൃത പാര്‍ക്കിങ് മൂലം കടുത്ത ഗതാഗതക്കുരുക്കാണ് ദിനേന. ദേശീയപാത നാലുവരിയാക്കിയപ്പോള്‍ ടൗണില്‍ വീതി കൂട്ടിയില്ല. അതിനാല്‍ കുപ്പിക്കഴുത്തുപോലെയാണ് ടൗണ്‍. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ റോഡിലിടുകയാണ് പതിവ്. പാര്‍ക്കിങ്ങിന് നഗരസഭ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുമില്ല. മൂവാറ്റുപുഴയില്‍ ബൈപാസിന്‍െറ അഭാവമാണ് ടൗണിനെ കുരുക്കിലാക്കുന്നത്. റോഡുവക്കിലെ പാര്‍ക്കിങ്ങും കൂടിയാകുമ്പോള്‍ സ്ഥിതി രൂക്ഷമാകും. പറവൂരില്‍ വീതി കുറഞ്ഞ റോഡില്‍ത്തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ് ജനം. കോടതി വളപ്പാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രധാന കേന്ദ്രം. ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്കായി തയാറാക്കിയ സ്റ്റാന്‍ഡ് ബസുകള്‍ കയറാത്തതിനാല്‍ ഇപ്പോള്‍ പാര്‍ക്കിങ് മേഖലയാക്കിയിരിക്കുകയാണ്. മുനിസിപ്പല്‍ ഓഫിസിന് എതിര്‍വശം പേ ആന്‍ഡ് പാര്‍ക്ക് സൗകര്യമൊരുക്കാന്‍ ആലോചിച്ചതും നടപ്പായില്ല. കോതമംഗലം നഗരത്തിലും സ്ഥിതി വിഭിന്നമല്ല. പാര്‍ക്കിങ് സൗകര്യമില്ലാത്തതും അശാസ്ത്രീയ പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കിനും അപകടത്തിനും വഴിവെക്കുന്നു. അനിയന്ത്രിതവും അശാസ്ത്രീയവുമായ പാര്‍ക്കിങ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുമ്പോഴും അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയുന്നില്ല എന്നതാണ് ദു$ഖകരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.