പെരിയാര്‍ മലിനീകരണം: സംരക്ഷണ പ്രചാരണം സമാപിച്ചു

കൊച്ചി: പെരിയാര്‍ സംരക്ഷണ മുദ്രാവാക്യമുയര്‍ത്തി കലക്ടിവ് ഫോര്‍ റൈറ്റ് ടു ലിവ് (കോറല്‍) സംഘടിപ്പിച്ച പ്രചാരണം സമാപിച്ചു. ഹൈകോടതി ജങ്ഷനിലെ കോര്‍പറേഷന്‍ മിനി ഓപണ്‍ സ്റ്റേഡിയത്തിലായിരുന്നു സമാപന സമ്മേളനം. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന പ്രതിജ്ഞയോടെ കോളജ്വിദ്യാര്‍ഥികള്‍ക്ക് തെളിനീര്‍കുടം കൈമാറിയായിരുന്നു ഉദ്ഘാടനം. രണ്ടുതലമുറ പരാജയപ്പെട്ട പെരിയാര്‍ സംരക്ഷണ കാമ്പയിന്‍ പുതിയ വിദ്യാര്‍ഥി തലമുറ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭീതി പരത്തിയെന്നാരോപിച്ച് കേസെടുത്ത സാഹചര്യത്തില്‍ കുടിവെള്ള സ്രോതസ്സിനെക്കുറിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പരിസ്ഥി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രഫ. സീതാ രാമന്‍, ആഷിക് അബു, സമീര്‍ താഹിര്‍, എം. ഗീതാനന്ദന്‍, ഫാ. റോബിന്‍, അഡ്വ. ജെസിന്‍ തുടങ്ങിയവരും വിവിധ കോളജ് വിദ്യാര്‍ഥികളായ മാളവിക, ജയറാം, എലിസബത്ത്, കൃഷ്ണകുമാര്‍, ഗ്രീഷ്മ, ഗോകുല്‍, മെര്‍വിന്‍, അനില്‍, പ്രദീപ് എന്നിവരും സംസാരിച്ചു. പെരിയാറിലെ ഖരമാലിന്യ പശ്ചാത്തലത്തെക്കുറിച്ച് ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ ക്ളാസ്സെടുത്തു. മാര്‍ട്ടിന്‍ ഊരാളിയുടെ പ്രതിഷേധ സംഗീതവും തെരുവുനാടകവും നാടന്‍ പാട്ടുകളും അരങ്ങേറി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി, പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും അധ്യാപകരും പങ്കെടുത്തു. 'കുടിവെള്ളം കൊലയാളിയാകുന്നു, പുഴയും ജീവനും തിരിച്ചെടുക്കാന്‍’ എന്ന മുദ്രാവാക്യവുമായി കോറലിന്‍െറ നേതൃത്വത്തില്‍ വൈപ്പിന്‍ മുനമ്പത്തു നിന്ന് ആരംഭിച്ച പ്രചാരണ പരിപാടി പൊലിസ് തടഞ്ഞിരുന്നു. ജാഥാ കോ-ഓര്‍ഡിനേറ്റര്‍ സോണി സോസ, ഷംസുദ്ദീന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ഏതാനും പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ആഗസ്റ്റ് 14ന് സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലായിരുന്നു പൊലിസ് ഇടപെടല്‍. പ്രചാര പരിപാടിക്ക് ഉപയോഗിച്ച വാഹനം പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനെതിരായ പ്രതിഷേധം കൂടിയായി സമാപന സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.