കുടിവെള്ളത്തില്‍ വിഷം കലര്‍ന്നെന്നഭീതിയില്‍ തളര്‍ന്ന് വൈപ്പിന്‍

വൈപ്പിന്‍: പരിസ്ഥിതി സംരക്ഷണ സംഘടനയുടെ പ്രചാരണ വാഹനത്തിലെ അനൗണ്‍സ്മെന്‍റ് വൈപ്പിന്‍ നിവാസികളെ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച രാവിലെ കലക്ടിവ് ഫോര്‍ റൈറ്റ് ടു ലിവ് എന്ന സംഘടന മുനമ്പത്തുനിന്ന് ആരംഭിച്ച പെരിയാര്‍ സംരക്ഷണയാത്രയാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ജാഥയുടെ അകമ്പടി വാഹനത്തില്‍നിന്നുള്ള ജലമലിനീകരണം സംബന്ധിച്ച അനൗണ്‍സ്മെന്‍റാണ് ജനങ്ങളെ പരിഭ്രമിപ്പിച്ചത്. കുടിവെള്ളത്തില്‍ വിഷം കലര്‍ന്നെന്ന രീതിയിലായിരുന്നു തുടര്‍ന്ന് നാട്ടില്‍ പരന്ന പ്രചാരണം. ഒടുവില്‍, പുഴ മലിനീകരണം സംബന്ധിച്ച് പെരിയാര്‍ സംരക്ഷണ സമിതിക്കാര്‍ നടത്തിയ പ്രചാരണ റാലി പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചു. ആശങ്ക പരന്നതോടെ ജനം വീടുകളിലെ സംഭരണികളുടെ വാല്‍വ് അടച്ചു. ശേഖരിച്ച വെള്ളം പലരും ഒഴുക്കിക്കളഞ്ഞു. എവിടെനിന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായതെന്ന് ആദ്യം ആര്‍ക്കും പിടികിട്ടിയില്ല. സംഭവം വാട്ടര്‍ അതോറിറ്റി അധികൃതരെയും പൊലീസിനെയും വട്ടം കറക്കി. വിഷം കലര്‍ന്നതായി പൊലീസ് അറിയിപ്പ് നല്‍കുന്നുണ്ടെന്ന വിവരവും പരന്നു. ഉച്ചയായപ്പോഴാണ് പ്രചാരണത്തിന്‍െറ ഉറവിടം പിടികിട്ടിയത്. നായരമ്പലത്ത് കുടുങ്ങാശേരിയില്‍ സംഘാടകരുടെ പ്രചാരണ വാഹനം ഞാറക്കല്‍ പൊലീസ് പിടികൂടി. ഭാരവാഹികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണം നടത്തിയതിനും അനുമതിയില്ലാതെ മൈക് ഉപയോഗിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനിടെ, സംഘാടകര്‍ പൊലീസിനോട് കയര്‍ത്തതായും പരാതിയുണ്ട്. എന്നാല്‍, തങ്ങള്‍ അനുമതി വാങ്ങിയിരുന്നെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണമൊന്നും നടത്തിയില്ളെന്നും പൊലീsസിനോട് കയര്‍ത്തിട്ടില്ളെന്നുമാണ് സംഘാടകര്‍ പറയുന്നത്. ശ്രദ്ധിക്കാതെ ചിലര്‍ ഒപ്പിച്ച പണിയാണിതെന്നും തങ്ങള്‍ സല്‍പ്രവൃത്തിയാണ് ചെയ്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും തെറ്റായ വിവരം അതിവേഗത്തിലാണ് പ്രചരിച്ചത്. ജലഅതോറിറ്റി അസി. എന്‍ജിനീയര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഞാറക്കല്‍, മുനമ്പം പൊലീസ് സ്റ്റേഷനുകളിലേക്കും നിരന്തരം ഫോണ്‍ കാളുകള്‍ എത്തി. തെറ്റായ വിവരം പരന്നതോടെ വിദേശത്തുനിന്നുവരെ ഫോണ്‍ സന്ദേശങ്ങളത്തെി. പുതുവൈപ്പിനിലെ പമ്പ് ഹൗസില്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് സാലിയും സംഘവും എത്തി ടാങ്കിലെ വെള്ളം നൂറുശതമാനവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തി. സംശയനിവാരണത്തിന് വെള്ളം കുടിച്ചുകാണിക്കുകവരെ ചെയ്തതായി മുഹമ്മദ് സാലി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.