പെരുമ്പാവൂര്‍ മേഖലയില്‍ മോഷണം വ്യാപകം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മേഖലയില്‍ മോഷണം വ്യാപകമാകുന്നു. വെള്ളിയാഴ്ച രാത്രി പി.പി ലിങ്ക് റോഡിലും ദിവസങ്ങള്‍ക്കു മുമ്പ് സൗത് വല്ലം ഭാഗത്തും മോഷണം നടന്നു. പി.പി ലിങ്ക് റോഡിലെ മൊബൈല്‍ കടയുടെ മുകള്‍ ഭാഗത്തെ ഓടുകള്‍ പൊളിച്ച് 15,000 രൂപയുടെ മൊബൈല്‍ ഫോണുകളും 1000 രൂപയുമാണ് മോഷ്ടിച്ചത്. ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സൗകര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. സൗത് വല്ലം ഭാഗത്ത് മുല്ലപ്പിള്ളി-മുടിക്കല്‍ റോഡിലെ മൂക്കടക്കുടി കവലക്ക് സമീപം വടക്കേകുടി അബ്ദുറഹ്മാന്‍ കുട്ടിയുടെ വീട്ടില്‍നിന്ന് 1,000രൂപയും തൊട്ടടുത്ത ചെറു മൂക്കട കൊച്ചുണ്ണിയുടെ വീട്ടില്‍നിന്ന് 800 രൂപയും മൊബൈല്‍ ഫോണും മോഷണം പോയി. എറക്കത്ത് കവലയിലെ മലേക്കുടി നിസാമിന്‍െറ വീട്ടില്‍ മോഷണശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് വിജയിച്ചില്ല. ഈ ഭാഗത്തെ മിക്ക വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മുല്ലപ്പിള്ളി മുടിക്കല്‍ റോഡിലെ കൂവക്കാട്ടില്‍ അബ്ദുല്‍ ഖാദറിന്‍െറ വീട്ടിലെ ജനല്‍പാളി തുറന്ന് ഉറങ്ങിക്കിടന്ന പിഞ്ചുകുട്ടിയുടെ മാല പൊട്ടിച്ചെടുത്ത സംഭവമുണ്ടായി. വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് കള്ളന്‍ ഓടി രക്ഷപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് മുടിക്കല്‍ ഭാഗത്ത് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം സൗത് വല്ലം നൂറുല്‍ ഇസ്ലാം മദ്റസ വക പള്ളി കോമ്പൗണ്ടില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തില്‍നിന്ന് കമ്പിയില്‍ പശ തേച്ച് നോട്ടുകള്‍ കവരാനുള്ള ശ്രമമുണ്ടായി. വല്ലം, മുടിക്കല്‍, വട്ടക്കാട്ടുപടി, മഞ്ഞപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഇതര സംസ്ഥാനക്കാരാണ് താമസിക്കുന്നത്. പെരുമ്പാവൂര്‍ മേഖലയിലെ മരക്കമ്പനികള്‍ പ്രതിസന്ധിയിലായതോടെ പലര്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണ്. സ്വദേശത്ത് ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്നവരാണ് ഇവരില്‍ പലരും. ഇവരില്‍പെട്ടവരാകാം രാത്രികാലങ്ങളില്‍ മോഷണവുമായി ഇറങ്ങിയിരിക്കുന്നതെന്ന് സംശയിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണം നടന്ന വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. രാത്രി 10 മുതല്‍ രാവിലെ നാലു വരെ നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.