നിരത്തിലേക്ക് കക്കൂസ് മാലിന്യം; കെട്ടിട ഉടമക്കെതിരെ പൊലീസ് കേസ്

കൊച്ചി: അനധികൃത ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് കക്കൂസ് മാലിന്യം പൊതുനിരത്തിലേക്ക് ഒഴുക്കിയ കെട്ടിട ഉടമക്കെതിരെ പൊലീസ് കേസ്. ചോറ്റാനിക്കര കടുങ്ങമംഗലം എ.കെ.ജി റോഡില്‍ നടുവില വീട്ടില്‍ അമ്പിളി പോളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ജനങ്ങളുടെ ജീവന് ഭീഷണിയായി പകര്‍ച്ചവ്യാധിക്ക് ഇടയാക്കും വിധം കെട്ടിട ഉടമ പൊതുനിരത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിനാണ് കേസ്. കടുങ്ങമംഗലം റെസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി പ്രകാശന്‍ തുരുത്തിയിലാണ് പരാതി നല്‍കിയത്. കടുങ്ങമംഗലം ഗവ.ഹൈസ്കൂളിനും അങ്കണവാടിക്കും സമീപം അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടത്തില്‍ 80ല്‍പരം തൊഴിലാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഫ്ളാറ്റിലെ കക്കൂസ് മാലിന്യം ജലസ്രോതസ്സുകളില്‍ കലര്‍ന്ന് പരിസരവാസികളുടെ കുടിവെള്ളവും മലിനമായി. രാത്രിയില്‍ പൊതുനിരത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് മൂലം സ്കൂള്‍ വിദ്യാര്‍ഥികളും പരിസരവാസികളും ഗുരുതരമായ രോഗഭീഷണിയിലാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം പൊതുനിരത്തിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. സംഭവസ്ഥലത്തത്തെിയ പൊലീസ് പരിശോധന നടത്തി കെട്ടിട ഉടമക്കെതിരെ കേസെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.