ഗോഡൗണില്‍നിന്ന് 40 ലക്ഷത്തിന്‍െറ പുകയില ശേഖരം പിടികൂടി

കൊച്ചി: കൊച്ചിയില്‍ വന്‍ പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയോളം വില വരുന്ന പുകയില ശേഖരമാണ് തേവര മട്ടമ്മല്‍ ജങ്ഷനിലുള്ള രഹസ്യ ഗോഡൗണില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ജര്‍മനി, സ്കോട്ട്ലന്‍ഡ്, ഫ്രാന്‍സ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത മുന്തിയ ഇനം സിഗരറ്റുകളും ചുരുട്ടുകളും ചുരുട്ട് വലിക്കാനുള്ള തടിയില്‍ നിര്‍മിച്ച പൈപ്പുകളും മയക്കുമരുന്ന് പൊതിയാനായി ഉപയോഗിക്കുന്ന പേപ്പറുകള്‍ അടക്കമുള്ള പുകയില വസ്തുക്കളുടെ ശേഖരമാണ് കണ്ടത്തെിയത്. 50 രൂപ മുതല്‍ 4200 രൂപ വരെ വിലയുള്ള സിഗരറ്റുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. സംഭവത്തില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശി അയ്യൂബിനെ ഷാഡോ എസ്.ഐ വി. ഗോപകുമാര്‍ അറസ്റ്റ് ചെയ്തു. ഇത്തരം സിഗരറ്റുകളുടെ ഇറക്കുമതിയെപ്പറ്റിയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.പി. ദിനേശ് അറിയിച്ചു. കൊച്ചിയില്‍ സ്കൂള്‍ കുട്ടികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വിതരണം ചെയ്യുന്നതിനാണ് ഇവ സൂക്ഷിക്കുന്നതെന്ന് അറസ്റ്റിലായ പ്രതി പൊലീസിനോട് സമ്മതിച്ചു. സിഗരറ്റ് പാക്കറ്റുകളില്‍ നിയമാനുസൃത മുന്നറിയിപ്പോ, മറ്റുരേഖകളോ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം നിര്‍മിച്ചുവന്ന പലതരത്തിലുള്ള രുചി വകഭേദങ്ങളുള്ള സിഗരറ്റുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. ചോക്ളേറ്റ്, സ്ട്രോബറി, വാനില രുചികള്‍ ഇവ ഉപയോഗിച്ചാല്‍ ലഭിക്കുമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രത്യേക കവറുകളില്‍ പായ്ക്ക് ചെയ്ത ദ്രവരൂപത്തിലുള്ള പുകയിലയും അവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സിഗരറ്റ് പാക്കറ്റുകളിലൊന്നും നിയമാനുസൃത മുന്നറിയിപ്പുകളില്ല. ലക്ഷങ്ങളുടെ നികുതി വെട്ടിച്ചാണ് വിദേശരാജ്യങ്ങളില്‍നിന്ന് സിഗരറ്റ് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്. വന്‍ വിലക്കാണ് നഗരത്തിലെ ചെറിയ കടകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സമീപവും ഇവ വില്‍പനക്കത്തെിക്കുന്നത്. പുകയില ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന സംഘങ്ങള്‍ കൊച്ചി നഗരത്തിലും പരിസരത്തുമായി വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിറ്റി ഷാഡോ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഗോഡൗണില്‍ റെയ്ഡ് നടത്തിയത്. രണ്ട് ദിവസം മുമ്പ് 10 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ ഇതേ രീതിയില്‍ പൊലീസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളില്‍ റെയ്ഡ് സജീവമാക്കാനാണ് തീരുമാനം. ഷാഡോപൊലീസ് അഡീഷനല്‍ എസ്.ഐ നിത്യാനന്ദ പൈ, പൊലീസുകാരായ രഞ്ജിത്ത്, ശ്രീകാന്ത്, സാനുമോന്‍, വിശാല്‍, ഉണ്ണികൃഷ്ണന്‍, രാഹുല്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.