യാത്രാക്ളേശം തീരാതെ നീലീശ്വരം –നടുവട്ടം റോഡ്

കാലടി: കോടികള്‍ മുടക്കിയിട്ടും യാത്രാക്ളേശം തീരാതെ നീലീശ്വരം-നടുവട്ടം റോഡ്. കുഴികളും വെള്ളക്കെട്ടും നിറഞ്ഞ റോഡിലൂടെ യാത്ര ദുരിതമാണ്. കാലടി, അങ്കമാലി, പെരുമ്പാവൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍, കോതമംഗലം എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പം പോകാനുള്ള റോഡാണിത്. മൂന്നര കിലോമീറ്റര്‍ റോഡില്‍ ടാറിങ്, കാനനിര്‍മാണം, ടൈല്‍ വിരിക്കല്‍ എന്നിവക്ക് പലതവണയായി കോടികളാണ് ചെലവഴിച്ചത്. ഒരോതവണയും റോഡുപണി നടക്കുമ്പോള്‍ ആഴ്ചകളോളം ഗതാഗതം തടസ്സപ്പെടുത്തുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് യാത്രാക്ളേശത്തിന് കാരണമെന്ന് മുന്‍ പഞ്ചായത്ത് അംഗം ടി.ഡി. സ്റ്റീഫന്‍ പറയുന്നു. പലപ്പോഴും രാത്രിയാണ് കട്ടവിരിക്കലും മറ്റുപണികളും നടക്കുന്നത്. ഈ സമയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ തോന്നിയരീതിയിലാണ് പണിനടത്തുന്നത്. റോഡിനോടുചേര്‍ന്ന് അപകടാവസ്ഥയില്‍ ട്രാന്‍സ്ഫോമറുമുണ്ട്. വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ ദിനേന ഇതിലെ യാത്രചെയ്യുന്നുണ്ട്. അശാസ്ത്രീയ രീതിയിലുള്ള നിര്‍മാണപ്രവൃത്തികളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അഴിമതി അന്വേഷിക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് മലയാറ്റൂര്‍-നീലീശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് നെല്‍സണ്‍ മാടവന അധ്യക്ഷത വഹിച്ചു. മണി തൊട്ടിപ്പറമ്പില്‍, പൗളിന്‍ കൊറ്റമം, എം.പി. രാജു, സെബാസ്റ്റ്യന്‍ ഇലവുകുടി, ഡെന്നീസ് കന്നപ്പിള്ളി, വിഷ്ണു വള്ളിയാംകുളം, സഞ്ജു പൗലോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.