ആലുവ നഗരത്തില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ആലുവ: നഗരത്തിലെ അനാഥവാഹനങ്ങള്‍ ഭീഷണിയാകുന്നു. വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെടുന്ന വാഹനങ്ങളാണ് ഭീഷണി ഉയര്‍ത്തുന്നത്. ഈ വാഹനങ്ങള്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടെന്നോ ആരുടേതെന്നോ വ്യക്തമല്ല. അതിനാല്‍തന്നെ ഇത്തരം വാഹനങ്ങളെ ചുറ്റിപ്പറ്റി ദുരൂഹതകളും ഏറുകയാണ്. ഈ വാഹനങ്ങളെക്കുറിച്ച് അധികൃതരോട് പരാതികള്‍ പറയാറുണ്ടെങ്കിലും പ്രയോജനമില്ല. ഇക്കാര്യങ്ങള്‍ തങ്ങളാരും അറിഞ്ഞിട്ടില്ളെന്ന നിലപാടിലാണ് പൊലീസും വാഹന വകുപ്പ് ഉദ്യോഗസ്ഥരും മറ്റും. നഗരസഭാ ഓഫിസിന് എതിര്‍വശത്തായി മാസങ്ങളായി ഒരു മാരുതി കാര്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടക്കുന്നുണ്ട്. ജീവാസ് സ്കൂളിനുമുന്നിലാണ് കാര്‍ കിടക്കുന്നത്. ഇത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ഹനിക്കുന്നുണ്ട്. ഇതുമൂലം തിരക്കേറിയ റോഡിലേക്ക് കയറിനടക്കേണ്ടിവരുകയാണ്. അപകടങ്ങള്‍ക്കും ഇടയാക്കുന്നു. നിരവധി സഥാപനങ്ങളും കടകളും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കാര്‍ മറ്റ് തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്നു. സാമൂഹികവിരുദ്ധര്‍ക്കും അക്രമികള്‍ക്കും ഈ വാഹനം പലതരത്തില്‍ ഉപകാരപ്പെടുമെന്നാണ് സമീപത്തെ വ്യാപാരിയും മുന്‍ വാര്‍ഡ് കൗണ്‍സിലറുമായ ആനന്ദ് ജോര്‍ജ് പറയുന്നത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കാര്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനിടെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നഗരത്തിലെ പ്രധാന റോഡുകളില്‍ ടാറിങ് നടന്നിരുന്നു. അന്ന് ഈ കാര്‍ മാറ്റാതെ ഈ ഭാഗം ഒഴിച്ചിട്ടാണ് പൂര്‍ത്തിയാക്കിയത്. സിവില്‍ സ്റ്റേഷന്‍ റോഡില്‍ ബിവറേജസ് ഷോപ്പിന് സമീപവും ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ടനിലയിലുണ്ട്. കറുത്ത ലാന്‍സര്‍ കാറിന്‍െറ ചില്ലുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. സാമൂഹികവിരുദ്ധരുടെ താവളമായ പ്രദേശത്താണ് കാര്‍ കിടക്കുന്നത്. ഈ കാറും സമീപത്തെ വ്യാപാരികളടക്കമുള്ളവരുടെ ഉറക്കം കെടുത്തുന്നു. നിരവധി ഇരുചക്രവാഹനങ്ങളും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട് കിടപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.