കുട്ടികളെ കുത്തിനിറക്കാന്‍ ബെഞ്ചുകള്‍; ഒമ്പത് സ്കൂള്‍ വാഹനങ്ങള്‍ പിടികൂടി

കൊച്ചി: കുട്ടികളെ കുത്തിനിറക്കാന്‍ സീറ്റുകള്‍ക്ക് പകരം ഇരുമ്പുബെഞ്ചുകള്‍ സ്ഥാപിച്ച സ്കൂള്‍ വാഹനങ്ങള്‍ പിടിയില്‍. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി സര്‍വിസ് നടത്തിയ രണ്ട് ടെമ്പോ ട്രാവലറുകള്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. സീറ്റുകള്‍ അഴിച്ചുമാറ്റി ഇരുമ്പുബെഞ്ചുകള്‍ സ്ഥാപിച്ച് സര്‍വിസ് നടത്തിയ ട്രാവലറുകള്‍ ഉള്‍പ്പെടെ ഒമ്പത് വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കൊച്ചിയില്‍ പിടികൂടിയത്. വെലിങ്ടണ്‍ ഐലന്‍ഡിലെ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളുടെ പരിസരത്തുനിന്നാണ് സ്വകാര്യസ്കൂള്‍ വാഹനങ്ങള്‍ പിടികൂടിയത്. ടാക്സും പെര്‍മിറ്റും ഫിറ്റ്നസും ഇല്ലാത്ത വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇരുമ്പുബെഞ്ചുകള്‍ പിടിപ്പിച്ച ടെമ്പോ വാനുകളില്‍ ഒരെണ്ണത്തില്‍ ഇരുമ്പുബെഞ്ചുകള്‍ ഉറപ്പിക്കുകപോലും ചെയ്തിരുന്നില്ല. കുട്ടികള്‍ വീണ് ഗുരുതര പരിക്കേല്‍ക്കാന്‍വരെ സാധ്യതയുള്ളതായിരുന്നു അധികൃതര്‍ പിടിച്ചെടുത്ത രണ്ട് വാഹനങ്ങളും. ഇരുമ്പുബെഞ്ചുകളില്‍ കുട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാനും സൗകര്യമുണ്ടായിരുന്നില്ല. ചെറിയ തോതില്‍ ബ്രേക്കിട്ടാല്‍പോലും കുട്ടികള്‍ തലയടിച്ചുവീണ് ഗുരുതര പരിക്കേല്‍ക്കുമായിരുന്നു. സീറ്റുകള്‍ അഴിച്ചു മാറ്റിയതുവഴി ഇരട്ടിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റാന്‍ കഴിയുമെന്നുകണ്ടാണ് ഉടമകള്‍ ഇരുമ്പുബെഞ്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. സ്കൂള്‍ തുറന്ന് മാസങ്ങള്‍ക്കുശേഷമാണ് ഗുരുതര നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. സ്കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയതല്ളെന്നും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളിലാണ് ഗുരുതര നിയമലംഘനം കണ്ടത്തെിയതെന്നും വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ടെമ്പോ ട്രാവലറുകള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. ടാക്സും പെര്‍മിറ്റും ഫിറ്റ്നസും ഇല്ലാത്ത വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ടാക്സും പെര്‍മിറ്റും നിയമലംഘനത്തിന് പിഴയും ഈടാക്കിയ ശേഷമേ വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ഇ.ജി. മനോജ് കുമാര്‍, അസി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.ഇ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.