പത്തുമാസ കിണര്‍ വാസത്തിന് അന്ത്യം; ഒടുവില്‍ നായക്ക് മോചനം

മൂവാറ്റുപുഴ: കുഞ്ഞായിരിക്കെ കിണറ്റില്‍ അകപ്പെട്ട നായയെ പത്തു മാസത്തിനുശേഷം പുറത്തെടുത്തു. പല്ലാരിമംഗലം മോഡേണ്‍ കവലക്ക് സമീപമുള്ള അബ്ദുല്‍ റഹ്മാന്‍െറ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പത്തുമാസം മുമ്പ് നായക്കുട്ടി അകപ്പെട്ടത്. പാഴ്വസ്തുക്കളും മറ്റും നിറഞ്ഞ കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. രാവിലെ കിണറ്റില്‍നിന്നും കരച്ചില്‍ കേട്ട സമീപവാസിയായ പുക്കുന്നേല്‍ ഇബ്രാഹീം ഇതിനെ കരക്കത്തെിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്കിലും എന്നും ഇബ്രാഹീം നായക്കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വെയിലും മഴയുമേറ്റ് ഇരുപതടിയിലധികം താഴ്ചയുള്ള കിണറ്റിലെ ഉള്ള സ്ഥലത്ത് ഓടിനടന്ന നായ വലുതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പല്ലാരിമംഗലം പഞ്ചായത്തോഫിസില്‍ നടന്ന എ.ബി.സി പദ്ധതിയുടെ യോഗത്തിനത്തെിയ മൂവാറ്റുപുഴയിലെ ദയ സെക്രട്ടറി രമേശ് കുമാറിനോട് നായയുടെ ദുരവസ്ഥ പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രമേശ് നായയെ പുറത്തെ ത്തിച്ചത്. വിവരമറിഞ്ഞത്തെിയ വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ.സമീറ ഇബ്രാഹീം നായയെ പരിശോധിച്ചശേഷം പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തശേഷം ഇതിനെ സ്വതന്ത്രമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.