പറവൂരില്‍ മുസ്രിസ് മേളക്ക് ഇന്ന് തുടക്കം

പറവൂര്‍: നഗരസഭയുടെ സഹകരണത്തോടെ പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേഷന്‍ (പി.ടി.എഫ്.എ) സംഘടിപ്പിക്കുന്ന മുസ്രിസ് മേളക്ക് ശനിയാഴ്ച തുടക്കം കുറിക്കും. ചേന്ദമംഗലം കവലയില്‍ ഷഫാസ് തിയറ്ററിന് സമീപത്തെ മൈതാനിയില്‍ 25,000 ചതുരശ്ര അടി പവിലിയനിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതല്‍ രാത്രി ഒമ്പത് വരെയാണ് മേള. ശനിയാഴ്ച രാവിലെ ഒമ്പതിന് മേള വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന പവിലിയന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യും. അപൂര്‍വ ജീവികള്‍, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുപക്ഷികള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടാകും. അത്യപൂര്‍വ പക്ഷികളും ഇഗ്വാന ഓന്തും പ്രദര്‍ശനത്തിലുണ്ടാകും. 150ല്‍ പരം അലങ്കാര മത്സ്യങ്ങള്‍, മനുഷ്യ ശരീരം തിന്നുതീര്‍ക്കുന്ന പിരാന, ചീങ്കണ്ണിയോട് സാദൃശ്യമുള്ള അലിഗേറ്റര്‍ ഫിഷ്, ഗോസ്റ്റ് ഫിഷ്, പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ഗോള്‍ഡന്‍ പെസന്‍റ്, സില്‍വര്‍ പെസന്‍റ്, റിങ്നെക്, രണ്ടായിരത്തില്‍പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിവുള്ള ഗ്രേ പാരറ്റ് എന്ന ചുവന്ന തത്ത, ഏഴുനിറങ്ങളുള്ള തത്തയുടെ രാജ്ഞി, നാലുലക്ഷം വിലമതിക്കുന്ന ആഫ്രിക്കയിലെ മെക്കാവോ തത്ത, അലങ്കാര കോഴികള്‍, വിദേശ പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍ എന്നിവയും മേളയിലുണ്ടാകും. ആറു വയസ്സിന് മുകളിലുള്ളവര്‍ക്ക് 30 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് നിരവധി ഗെയിം ഷോകളുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എഫ്.എ കണ്‍വീനര്‍ പി.ജി. ബിനു പുറക്കാട്ടില്‍, മാര്‍ക്കറ്റിങ് മാനേജര്‍ മിഥുന്‍ മണി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അന്‍സാര്‍ മൂവാറ്റുപുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.