ഗതകാല സ്മരണകള്‍ ഉണര്‍ത്തി പാലിയത്ത് വിഷു മാറ്റച്ചന്തക്ക് തുടക്കം

പറവൂര്‍: സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ മാറ്റിയെടുക്കുന്ന പഴയകാലത്തിന്‍െറ ഓര്‍മകള്‍ ഉണര്‍ത്തി ചേന്ദമംഗലം പാലിയത്ത് വിഷു മാറ്റച്ചന്ത ആരംഭിച്ചു. കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സാംസ്കാരിക ഘോഷയാത്രയും ഉദ്ഘാടന ചടങ്ങും ഒഴിവാക്കിയാണ് ‘മുസ്രിസ് ഫെസ്റ്റ്-2016’ എന്ന പേരില്‍ വിഷു മാറ്റച്ചന്ത ആരംഭിച്ചത്. ചേന്ദമംഗലം പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള 150ല്‍ പരം വ്യാപാരികള്‍ പങ്കെടുക്കുന്നുണ്ട്. പൈതൃകം പേറുന്ന നാടന്‍ ഉല്‍പന്നങ്ങളും നാടന്‍ പച്ചക്കറികളും കണിവെള്ളരി, വിവിധതരം മാമ്പഴങ്ങള്‍, ഉണക്കമത്സ്യം, മണ്‍കലങ്ങള്‍, വിവിധതരം മണ്‍പാത്രങ്ങള്‍, പൂച്ചട്ടികള്‍, ഫലവൃക്ഷത്തൈകള്‍ എന്നിവ ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള ഗൃഹോപകരണങ്ങള്‍ വരെ മാറ്റച്ചന്തയില്‍ എത്തിയിട്ടുണ്ട്. കൂടാതെ നാണയം, സ്റ്റാമ്പ്, കറന്‍സികള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ചിത്രരചന, കഥാരചന, കവിയരങ്ങ്, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഗോതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ബി. ഷിനില്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കര എസ്.ഐ വി. ജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, മറ്റ് ജനപ്രതിനിഥികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവാതിര, ഒപ്പന, മാര്‍ഗംകളി, ഗാനമേള എന്നിവ അരങ്ങേറി. മാറ്റച്ചന്ത ബുധനാഴ്ച വൈകുന്നേരം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.