ആധിയുണര്‍ത്തി ആലുവയിലെ ‘അപകട ദേശം’

ആലുവ: ദേശീയപാതയില്‍ ആലുവക്കും നെടുമ്പാശ്ശേരി അത്താണിക്കും ഇടയിലുള്ള ദേശം കവല അപകട മുനമ്പായി. അപകടങ്ങള്‍ പതിവായ ഈ പ്രദേശത്തെ നാട്ടുകാര്‍ ഇപ്പോള്‍ ‘അപകട ദേശം’ എന്നാണു പറയുന്നത്. അധികൃതരുടെ അനാസ്ഥയാണ് കവലയെ അപകടകേന്ദ്രമാക്കിയത്. ദേശീയപാതയില്‍ കൊടും വളവിലാണ് കവലയുള്ളത്. ഇതേഭാഗത്തേക്കാണ് വാഹനത്തിരക്കേറിയ കാലടി റോഡ് വന്നുകയറുന്നത്. ഇതിനു പുറമേ സമീപത്തെ മസ്ജിദിനോട് ചേര്‍ന്ന് പുറയാര്‍ ഭാഗത്തുനിന്നുള്ള റോഡും സംഗമിക്കുന്നു. ഇത്രയധികം തിരക്കുള്ള കവലയില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ദേശീയപാത അധികൃതരോ ജനപ്രതിനിധികളോ താല്‍പര്യം കാണിക്കുന്നില്ളെന്നതാണ് വസ്തുത. ഇതുമൂലം ദേശീയപാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. മറ്റ് റോഡുകളില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ദേശീയപാതയിലേക്ക് കയറാനോ ദേശീയപാതയില്‍നിന്ന് മറ്റ് റോഡുകളിലേക്ക് പ്രവേശിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ചെറുവാഹനങ്ങളാണ് കൂടുതലും ബുദ്ധിമുട്ടനുഭവിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഇത് പ്രശ്നമാകുന്നു. ജീവന്‍ പണയംവെച്ചാണ് ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നത്. അപകടം പതിയിരിക്കുന്ന ഈ കവലയില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇവിടെ സിഗ്നല്‍ സ്ഥാപിക്കാന്‍ ചില സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അവയുടെ തുടര്‍പരിപാലനം നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളടക്കമുള്ളവര്‍ തയാറായില്ളെന്ന് പറയപ്പെടുന്നുണ്ട്. തിരക്കേറിയ ഇവിടെ ദേശീയപാത മുറിച്ചുകടക്കാന്‍ സ്ത്രീകളും വൃദ്ധരുമടക്കമുള്ളവര്‍ ഏറെനേരം കാത്തുനില്‍ക്കുന്നത് പതിവ് കാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.