കോടതി ഇടപെട്ടിട്ടും ഡെന്‍റല്‍ കോളജിന് അടിസ്ഥാനസൗകര്യം ഒരുക്കിയില്ല

ആലപ്പുഴ: കോടതി ഇടപെട്ടിട്ടും ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു. മതിയായ സൗകര്യങ്ങളില്ലാത്തതിന്‍െറ പേരില്‍ ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സില്‍ കോളജിന്‍െറ അംഗീകാരം റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിച്ച് പുതിയ കോളജ് കെട്ടിടം നിര്‍മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന വ്യവസ്ഥയില്‍ റദ്ദാക്കിയ അംഗീകാരം പിന്‍വലിപ്പിക്കുകയായിരുന്നു. 2014 ആഗസ്റ്റ് 16നാണ് വണ്ടാനത്ത് ഡെന്‍റല്‍ കോളജ് ഉദ്ഘാടനം ചെയ്തത്. പ്രതിവര്‍ഷം 50 വിദ്യാര്‍ഥികള്‍ക്കുവീതമാണ് പ്രവേശമെങ്കിലും ആദ്യവര്‍ഷം 45ഉം അടുത്തവര്‍ഷം 48ഉം വിദ്യാര്‍ഥികള്‍ പ്രവേശം നേടി. മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയായിരുന്നു പ്രവേശം നല്‍കിയിരുന്നത്. തുടക്കത്തില്‍തന്നെ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് വിദഗ്ധ അധ്യാപകരെയോ നിയമിക്കാത്തത് വിദ്യാര്‍ഥികളടക്കം ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വിഷയം ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സിലിന്‍െറ പരിഗണനക്ക് വന്നു. ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. എന്നാല്‍, ഈ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഡെന്‍റല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതോടെ കോളജിന്‍െറ അംഗീകാരം റദ്ദുചെയ്യണമെന്ന് ഡെന്‍റല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് അവശ്യം വേണ്ട യന്ത്രങ്ങളും ഉപകരണങ്ങളും കസേരകളും വാങ്ങി പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്ന് ഡെന്‍റല്‍ കൗണ്‍സില്‍ ഉത്തരവിട്ടു. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി പണിത കെട്ടിടത്തിലാണ് ഡെന്‍റല്‍ കോളജ് തുടങ്ങിയത്. മറ്റൊരു കെട്ടിടം പണിത് ഡെന്‍റല്‍ കോളജിന്‍െറ പ്രവര്‍ത്തനം അതിലേക്ക് മാറ്റുമെന്നും നിലവിലെ കെട്ടിടം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി നിലനിര്‍ത്തുമെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്. ഡെന്‍റല്‍ കോളജിനായി മെഡിക്കല്‍ കോളജ് ആശുപത്രിക്കുസമീപം അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കെട്ടിടനിര്‍മാണം എങ്ങുമത്തെിയില്ല. ഡെന്‍റല്‍ കോളജ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച 1.99 കോടി രൂപക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. കോളജിലേക്കാവശ്യമായ 30 ബയറുകളും മറ്റ് പഠനോപകരണങ്ങളും വാങ്ങി തട്ടിക്കൂട്ടിയാണ് കോടതി വഴി അംഗീകാരം തിരികെ നേടിയത്. അതേസമയം, രണ്ട് പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍ തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. പാരാമെഡിക്കല്‍ കോഴ്സിന്‍െറ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്ന കെട്ടിടത്തില്‍തന്നെ ആരംഭിക്കണമെന്ന നിലപാടിലാണ് കെ.പി.എം.എസ് അടക്കമുള്ള പിന്നാക്കവിഭാഗ സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.