തോട്ടുമുഖം കവല അവഗണനയില്‍

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുഖം മേഖല അവഗണനയില്‍തന്നെ. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലെ തോട്ടുമുഖം കവല അപകടകേന്ദ്രമായി മാറിയിട്ട് കാലങ്ങളായി. നിത്യേനയെന്നോണം ഇവിടെ അപകടങ്ങളുണ്ടാകുന്നു. ഗതാഗതതടസ്സം വലിയ പ്രശ്നമാണ്. സ്കൂള്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇതൊഴിവാക്കാന്‍ ട്രാഫിക് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രയോജനമില്ല . കവലയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് അധികൃതര്‍ തയാറാകുന്നില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടുങ്ങിയ കാനകളില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. വിസ്താരക്കുറവ് മൂലം വൃത്തിയാക്കാന്‍ കഴിയുന്നില്ല. ഇതുമൂലം റോഡില്‍ വെള്ളക്കെട്ടം പലപ്പോഴും വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. മഹിളാലയം ഭാഗത്തെ കാനകളില്‍ അഴുക്കുവെള്ളം നിറഞ്ഞ് റോഡിലേക്കൊഴുകുന്നുമുണ്ട്. റോഡിലെ കുഴികളില്‍ വീണ് ബൈക്കുകള്‍ മറിഞ്ഞ് അപകടം സംഭവിക്കുന്നു. നിരവധി ചെറുറോഡുകള്‍ കവലയുടെ വിവിധ ഭാഗങ്ങളിലായി സംഗമിക്കുന്നുണ്ട്. ഈ റോഡുകളില്‍നിന്ന് ഏതുസമയവും വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് കടക്കാറുണ്ട്. ഇതറിയാതെ വേഗത്തില്‍ വാഹനങ്ങള്‍ വരുമ്പോഴും അപകടങ്ങളുണ്ടാകാറുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ലൈന്‍ സ്ഥാപിക്കണം. അപകടമുന്നറിയിപ്പ് ബോര്‍ഡും റിഫ്ളക്ടറുകളും ആവശ്യമാണ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ സ്ഥാപിക്കണം. തോട്ടുമുഖം ഭാഗത്തെ പെരിയാറ്റിലെ കൊച്ചങ്ങാടി കടവിനോടും അധികൃതര്‍ അനാസ്ഥ കാണിക്കുകയാണ്. നിരന്തരം അപകടമരണങ്ങള്‍ സംഭവിക്കുന്ന കടവാണിത്. വിദ്യാര്‍ഥികളുടെ കൂട്ടമരണങ്ങളടക്കം നിരവധി മുങ്ങിമരണങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കടവില്‍ സംരക്ഷണ വലയങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. ജലസേചന കനാലുകളും അനുബന്ധ തോടുകളും പുനര്‍നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവ സംരക്ഷിക്കപ്പെട്ടാല്‍ പ്രദേശത്ത് കുടിവെള്ളസംവിധാനത്തിന് വഴിയൊരുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.