വാര്‍ഡ് നിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശമായി. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുക. സ്ത്രീ സംവരണ മണ്ഡലങ്ങളാണ് ആദ്യം നിശ്ചയിക്കുക. 2010 ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണമല്ലാതിരുന്ന എല്ലാ വാര്‍ഡുകളും ഇക്കുറി സ്ത്രീ സംവരണമായിരിക്കും. ആകെ വാര്‍ഡുകളുടെ എണ്ണം ഒറ്റസംഖ്യയാവുകയും സംവരണ വാര്‍ഡുകള്‍ എണ്ണം തികയാതെ വരുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇപ്പോള്‍ ഒഴിവാക്കിയവയില്‍നിന്ന് നറുക്കെടുത്ത് നിശ്ചയിക്കുന്ന വാര്‍ഡും സ്ത്രീ സംവരണമാകും. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളാണ് രണ്ടാമത് തീരുമാനിക്കുക. സ്ത്രീ സംവരണമായി തീരുമാനിക്കുന്ന വാര്‍ഡുകളില്‍ 2010ലെ പട്ടികജാതി/ പട്ടികജാതി സ്ത്രീ വാര്‍ഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കി ബാക്കി സ്ത്രീ സംവരണ വാര്‍ഡുകളില്‍നിന്ന് നറുക്കെടുപ്പിലൂടെ പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും. മൂന്നാമതായി പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും. സ്ത്രീ സംവരണ വാര്‍ഡുകളില്‍ 2010 ലെ പട്ടികവര്‍ഗ/ പട്ടികവര്‍ഗ സ്ത്രീ വാര്‍ഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയും പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളും ഒഴിവാക്കി ബാക്കിയുള്ള സ്ത്രീ സംവരണ വാര്‍ഡുകളില്‍നിന്ന് നറുക്കെടുപ്പിലൂടെ പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും. പട്ടികജാതി സംവരണ വാര്‍ഡുകളാണ് നാലാമതായി നിശ്ചയിക്കുക. പഞ്ചായത്തിലെ ആകെ വാര്‍ഡുകളില്‍നിന്ന് സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകളും 2010 ലെ പട്ടികജാതി/ പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളും ഒഴിവാക്കി ബാക്കിയുള്ളവയില്‍നിന്ന് നറുക്കെടുപ്പിലൂടെ പട്ടികജാതി സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി സംവരണ വാര്‍ഡുകളും 2010ലെ പട്ടികവര്‍ഗ/ പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡുകളും ഒഴിവാക്കി ബാക്കിയുള്ളവയില്‍ നിന്ന് നറുക്കെടുപ്പിലൂടെ പട്ടികവര്‍ഗ സംവരണ വാര്‍ഡുകളും നിശ്ചയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.