ഓര്‍മയില്‍ മറയില്ല, ആ പെരുന്നാള്‍ മധുരം

അങ്കമാലി: ഓര്‍മയിലെ പെരുന്നാള്‍ ദിനത്തിന്‍െറ സുഗന്ധം പഴമക്കാരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. തക്ബീര്‍നാദവും കുളിയും പുതുവസ്ത്രമണിയലും സുഗന്ധം പൂശലും ഒത്തുചേരലും കളിയും ചിരിയുമായി ചൈതന്യം വറ്റാത്തതുമായിരുന്നു പഴയകാല പെരുന്നാള്‍ ആഘോഷം. കാലത്തിനൊപ്പം ചോര്‍ന്നുപോയ സൗഭാഗ്യങ്ങള്‍ അയവിറക്കുന്ന ആയിരക്കണക്കിന് വയോധികരുടെ പ്രതിനിധികളാണ് 80 പിന്നിടുന്ന പാലപ്രശ്ശേരി വള്ളിഞ്ഞാലില്‍ പരേതനായ മുഹമ്മദിന്‍െറ ഭാര്യ ആസിയയും 76കാരനായ പനയക്കടവ് മണേലില്‍ വീട്ടില്‍ മുസ്തഫയും. പെരുന്നാള്‍ സന്തോഷം പരമാവധി ആസ്വദിച്ചുവെന്ന അഭിപ്രായക്കാരായ ഇവര്‍ ബലിപെരുനാള്‍ സ്മരണയില്‍ അന്നത്തെ കാലം ഓര്‍മിച്ചെടുക്കുകയാണ്. പെരുന്നാളിന്‍െറ മുന്നൊരുക്കത്തിന്‍െറ ഭാഗമായി വീടുകള്‍ അടിച്ചുതൂത്ത് വാതിലും ജനലുകളും പഴയവസ്ത്രങ്ങള്‍ ഒന്നുപോലും ബാക്കി വെക്കാതെയും കഴുകി വൃത്തിയാക്കുകയും ചെയ്യും. വിപണികളില്‍ നിരനിരയായി നിന്നായിരിന്നു വസ്ത്രങ്ങളും പെരുന്നാള്‍വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങളും വാങ്ങുക. മുടിവെട്ടാന്‍ ഒരാഴ്ച മുമ്പെ ബാര്‍ബര്‍ഷോപ്പുകളില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും തിരക്കായിരിക്കും. പുതുവസ്ത്രങ്ങള്‍ തയ്ച്ചുകിട്ടാന്‍ തയ്യല്‍ക്കടകളിലും തിരക്കായിരിക്കും. പ്രായഭേദമന്യേ മുഴുവന്‍ സ്ത്രീകളും നേരത്തേ മൈലാഞ്ചി ഇല അരച്ചുവെച്ച് പെരുന്നാള്‍ തലേന്ന് കൈകാലുകളില്‍ അഴകാര്‍ന്ന രീതിയില്‍ മൈലാഞ്ചിയിടും. പെരുന്നാള്‍ദിനം ഉച്ചക്കുശേഷം സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി മാല, വള, മോതിരം, റിബണ്‍, കണ്‍മഷി, കുട്ടികളുടെ കളിക്കോപ്പുകളും മറ്റുമടങ്ങിയ തലച്ചുമട് കച്ചവടക്കാരും (പെട്ടിക്കാരന്‍) സൈക്ക്ളില്‍ സേമിയ, പാല്‍ ഐസ് വില്‍ക്കാനത്തെുന്നവരുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് ജീവിതരീതി ആകെ തകിടംമറിഞ്ഞു. പെരുന്നാളിന്‍െറയും ആഘോഷങ്ങളുടെയും നിറം മങ്ങി. എല്ലാ ദിവസവും പെരുന്നാളാണ്. കൂട്ടുകുടുംബങ്ങളില്‍ പോലും പെരുന്നാളാഘോഷങ്ങള്‍ ഒറ്റപ്പെട്ട് പോവുകയാണെന്ന നൊമ്പരം വയോധികര്‍ക്കും വേദന പകരുന്നതാണെന്ന ഒര്‍മപ്പെടുത്തല്‍ കൂടിയാണ് ഇവര്‍ക്ക് ഈ സ്മരണകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.