സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കലക്ടറുടെ മെഡി. ക്യാമ്പ് ബഹിഷ്കരിച്ചു

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസഹകരണ സമരത്തിന്‍െറ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന ക്യാമ്പ് ബഹിഷ്കരിച്ചു. ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച ക്യാമ്പിനെ ഇത് പ്രതികൂലമായി ബാധിച്ചു. നൂറോളം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. സമരത്തെ നേരിടാന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ ഡോക്ടര്‍മാരെയാണ് നിയോഗിച്ചത്. ഇവര്‍ക്ക് ഇത്തരം ക്യാമ്പുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ല. അതേസമയം സംഘാടകര്‍ പ്രതീക്ഷിച്ചതിന്‍െറ ഇരട്ടി കുട്ടികള്‍ ക്യാമ്പിന് എത്തിയിരുന്നു. ഇവരെ പരിശോധിച്ച് വൈകല്യം വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കലായിരുന്നു ക്യാമ്പിന്‍െറ ലക്ഷ്യം. സാധാരണ സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ പരിചയ സമ്പന്നരായ ഏഴുപേരെങ്കിലും ഇത്തരം ക്യാമ്പുകള്‍ കൈകാര്യം ചെയ്യാറുണ്ട്. ഇവരുടെ അഭാവത്തില്‍ സമയം വൈകിയതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതിരുന്നവര്‍ക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അത് വിതരണം ചെയ്യും. അഡീഷനല്‍ സി.എം.ഒയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഇത് ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് കലക്ടര്‍ സംഘടിപ്പിച്ച ക്യാമ്പ് ബഹിഷ്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.