ഫിഷ് ലാന്‍റിങ് സെന്‍ററില്‍ വെളിച്ചമില്ല; തൊഴിലാളികള്‍ ദുരിതത്തില്‍

മട്ടാഞ്ചേരി: ഫിഷ് ലാന്‍റിങ് സെന്‍ററില്‍ രാത്രികാലത്ത് വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ഫോര്‍ട്ട് കൊച്ചി കടത്തുകടവ് അല്‍ബുക്കര്‍ക്ക് ജെട്ടിയിലാണ് രാത്രികാലങ്ങളില്‍ മത്സ്യബന്ധന വള്ളങ്ങളിലത്തെുന്ന മത്സ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രകാശമില്ലായ്മ തടസ്സമാകുന്നത്. മത്സ്യങ്ങള്‍ കേടുകൂടാതെ ഐസിട്ട് പായ്ക്ക് ചെയ്യുന്നതിനും വണ്ടികളില്‍ കയറ്റുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഐസ് പൊട്ടിക്കുന്ന യന്ത്രത്തില്‍ പെട്ട് രണ്ട് തൊഴിലാളികള്‍ക്ക് മുറിവേറ്റതായും ഇവര്‍ പറയുന്നു. നിലവില്‍ ലാന്‍ഡിങ് സെന്‍ററില്‍ സോഡിയം വേപ്പര്‍ ലാമ്പ് ഉണ്ടെങ്കിലും ഇവ ഷെഡിന് മുകളിലായതിനാല്‍ ഷെഡിന് ഉള്‍ഭാഗത്ത് വെളിച്ചം ലഭിക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ഷെഡില്‍ വെളിച്ചം ലഭിക്കുംവിധം വിളക്കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കൊച്ചി നോര്‍ത് ബ്ളോക് കമ്മിറ്റി നഗരസഭ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസ് സൂപ്രണ്ടിന് നിവേദനം നല്‍കി. പ്രസിഡന്‍റ് ബോണി റാഫേല്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ റഷീദ്, മണ്ഡലം പ്രസിഡന്‍റ് പി.ബി. ജലീല്‍, കെ.എച്ച്. ജുനൈദ്, സി.എ. റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.