തെരുവുനായ ശല്യം; ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു

അരൂര്‍: തെരുവുനായ്ക്കളുടെ ശല്യം മൂലം ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീതിയോടെ നാട്ടിലേക്ക് മടങ്ങുന്നു. വ്യവസായ മേഖലയായ അരൂരില്‍ അസം, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. രാപ്പകല്‍ ജോലിചെയ്യുന്ന ഇവരെ താമസസ്ഥലത്തേക്ക് പോകുമ്പോഴും വ്യവസായ സ്ഥാപനങ്ങളിലേക്ക് വരുമ്പോഴും തെരുവുനായ്ക്കളുടെ ബഹളം ഭയപ്പെടുത്തുന്നു. രണ്ടാഴ്ചക്കകം ഏഴ് തൊഴിലാളികള്‍ക്ക് നായയുടെ കടിയേറ്റു. പ്രദേശത്ത് കൂട്ടമായി ബഹളമുണ്ടാക്കുന്ന നായ്ക്കളുടെ ശല്യം മൂലം ഇവര്‍ക്ക് തൊഴില്‍ശാലകളില്‍ പോകാന്‍ കഴിയുന്നില്ല. നായ കടിച്ചാല്‍ ഗുരുതരമായ അസുഖം തലച്ചോറിന് ഉണ്ടാകുമെന്ന വിശ്വാസമാണ് ഇവരുടെ നാടുകളിലുള്ളത്. തങ്ങള്‍ക്ക് ഒപ്പമുള്ള ഏഴുപേരെ നായ കടിച്ചപ്പോള്‍ അവരുടെ അവസ്ഥയില്‍ ഇവര്‍ ഭീതിപൂണ്ടിരിക്കുകയാണ്. അവരുടെ നാട്ടില്‍ നായ കടിച്ചാല്‍ ഭ്രാന്തുപിടിക്കുമെന്ന വിശ്വാസമാണ് പ്രചാരത്തിലുള്ളത്. അരൂര്‍ മാര്‍ക്കറ്റ് പ്രദേശങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലെ ചെറിയ റോഡുകളിലും ഡസന്‍കണക്കിന് നായ്ക്കളാണ് അലഞ്ഞുതിരിയുന്നത്. ഇവരെ നശിപ്പിക്കാനുള്ള നടപടി എങ്ങുനിന്നും ഉണ്ടാകുന്നില്ല. ഇതുമൂലമാണ് പലരും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.