ജ്യോതി 2015 ക്യാമ്പ്: കാരുണ്യം തേടിയത്തെിയത് ആയിരങ്ങള്‍

കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ സഹായ ക്യാമ്പില്‍ സംഘാടകരുടെ പ്രതീക്ഷകളെ തെറ്റിച്ച് കലക്ടറേറ്റ് അങ്കണത്തിലെ വിശാലമായ പന്തല്‍ നിറഞ്ഞുകവിഞ്ഞ് കുട്ടികളും മാതാപിതാക്കളും നിരന്നു. വിവിധ സ്പെഷല്‍ സ്കൂളുകളില്‍നിന്നായി ആയിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ടായിരത്തോളം പേര്‍ എത്തി. വിവിധ സ്പെഷല്‍ സ്കൂളുകളില്‍നിന്ന് കുട്ടികളുമായി കന്യാസ്ത്രീകളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു. വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് പ്രധാനമായി നടന്നത്. പരിപാടിക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ എം.ജി. രാജമാണിക്യവും പരിപാടിയുമായി സഹകരിച്ച സന്നദ്ധ ഏജന്‍സി സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്‍റിച്ച്മെന്‍റ് ചെയര്‍പേഴ്സണ്‍ ഡോ. മേരി അനിതയും ഓരോരുത്തരുടെയും അപേക്ഷ കേള്‍ക്കാന്‍ അവസരം നല്‍കി. റെയില്‍വേ യാത്രാ ആനുകൂല്യം, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി നല്‍കല്‍ തുടങ്ങിയ ഇവരെ ബാധിക്കുന്ന ഒട്ടേറെ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ക്യാമ്പ് സഹായകമായി. തൃപ്പൂണിത്തുറയിലെ പുതിയകാവ് ആദര്‍ശ് സ്പെഷല്‍ സ്കൂളില്‍നിന്ന് 150ഓളം വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കാനത്തെിയത്. ചികിത്സാസഹായം, ബസ് കണ്‍സെഷന്‍, റെയില്‍വേ കണ്‍സെഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങളാണ് ആദര്‍ശ് സ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം. ആറു മുതല്‍ 22 വയസ്സുവരെയുള്ള 230 കുട്ടികളാണ് ആദര്‍ശ് വിദ്യാലയത്തില്‍ പഠിക്കുന്നത്. എറണാകുളം കാരിക്കാമുറി ആശാ കേന്ദ്രം സ്പെഷല്‍ സ്കൂളില്‍നിന്ന് 20 ഭിന്നശേഷിക്കാരായ കുട്ടികളാണ് ക്യാമ്പില്‍ കാരുണ്യവും കരുതലും തേടിയത്തെിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സ്കൂള്‍ ബസ് വാങ്ങുന്നതിനും ധനസഹായം തേടിയത്തെിയ അധ്യാപകരുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. കാലടി സ്നേഹസദന്‍ സ്പെഷല്‍ സ്കൂളിലെ 40 വിദ്യാര്‍ഥികള്‍ എത്തിയത് ചികിത്സാ ധനസഹായത്തിനും വികലാംഗ ഉപകരണങ്ങള്‍ക്കുമുള്ള അപേക്ഷയുമായാണ്. അഞ്ച് മുതല്‍ 30 വയസ്സുവരെയുള്ള 130 വിദ്യാര്‍ഥികളാണ് സ്നേഹസദനിലുള്ളത്. നാലാംമൈല്‍ കാത്തലിക് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബൈ്ളന്‍ഡിലെ 19 അന്തേവാസികള്‍ ചേര്‍ന്നാണ് ജ്യോതി 2015ല്‍ അപേക്ഷ സമര്‍പ്പിച്ചത്. ചികിത്സാ ധനസഹായത്തിനും യാത്രാ ആനുകൂല്യത്തിനുമുള്ള അപേക്ഷ നല്‍കാനാണ് ഇവര്‍ പരിപാടിയില്‍ എത്തിയത്. മധ്യവയസ്കരായ സ്ത്രീകള്‍ മാത്രമാണ് കാത്തലിക് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബൈ്ളന്‍ഡിലെ അന്തേവാസികള്‍. ആകെ 21 പേരാണ് ഇവിടെ താമസിക്കുന്നത്.സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച കോതമംഗലം നെല്ലിക്കുഴി സ്വദേശി സ്റ്റാന്‍ലിയുടെ മകന്‍ എവര്‍ലിന്‍ സ്റ്റാന്‍ലിക്ക് ചികിത്സാ ധനസഹായവും എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡുമാക്കി നല്‍കി. സെറിബ്രല്‍ പാള്‍സി രോഗബാധിതനാണ് ഫിനീഷ്യ-ബെന്നി ദമ്പതികളുടെ മകന്‍ ഒമ്പത് വയസ്സുകാരനായ ഫെബിന്‍. ഈ കുട്ടി ഇന്നേവരെ സ്വയം നടന്നിട്ടില്ല. വാക്കര്‍ ആവശ്യപ്പെട്ട ഫെബിന് കലക്ടര്‍ വാക്കര്‍ അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.