മനോഹരന്‍െറ കഠിനാധ്വാനത്തില്‍ വിളഞ്ഞത് നൂറുമേനി

പനങ്ങാട്: അര ഏക്കര്‍ സ്ഥലത്ത് ഒന്നര മാസത്തെ കഠിനാധ്വാനം. വിളവെടുപ്പില്‍ ലഭിച്ചത് നൂറുമേനി. ഓണംപോഴില്‍ മനോഹരനാണ് പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ചത്. പാവല്‍, പടവലം, പയര്‍, കാബേജ്, തക്കാളി, കപ്പലണ്ടി മുതല്‍ ചേന, ചേമ്പ്, വാഴ, കപ്പ എന്നിങ്ങനെ വ്യത്യസ്ത തരം ഇനങ്ങളാണ് മനോഹരന്‍െറ അധ്വാനത്തില്‍ വിളഞ്ഞത്. നാട്ടുകാര്‍, ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷികളാക്കിയായിരുന്നു വിളവെടുപ്പ്. സ്വന്തം ഭൂമിയില്‍ കൃഷിയിറക്കി വിളവെടുക്കണമെന്നതായിരുന്നു മനോഹരന്‍െറ സ്വപ്നം. ആ കൊച്ചുസ്വപ്നം സഫലമാകാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. കൃഷി ചെയ്യാന്‍ ഭൂമി നല്‍കി കണികതറയില്‍ ഷംല കരീമിന്‍െറ കുടുംബം മൂന്ന് സെന്‍റ് ഭൂമിയും പണി തീരാത്ത വീടും സ്വന്തമായുള്ള മനോഹരന് പിന്തുണയേകി. വാടകയില്ലാതെ കിട്ടിയ അര ഏക്കര്‍ ഭൂമിയില്‍ സ്വപ്നം സാക്ഷാത്കരിച്ചതിന്‍െറ സംതൃപ്തിയിലാണ് മനോഹരനും കുടുംബവും. പാവല്‍, പടവലം, ചെറുപയര്‍, വന്‍പയര്‍, നീളന്‍പയര്‍, പീച്ചിങ്ങ, കാബേജ്, തക്കാളി, അമരപ്പയര്‍ തുടങ്ങി കപ്പലണ്ടി ഉള്‍പ്പെടെ ഇരുപതില്‍പരം ഇനങ്ങളുടെ വിളവെടുപ്പാണ് നടത്തിയത്. കുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. സത്യന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ ലെന്‍സി തോമസ്, പഞ്ചായത്ത് മെംബര്‍മാരായ മുജീബ്റഹ്മാന്‍, അജിത് വേലക്കടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മനോഹരന്‍െറ കൃഷിവിജയത്തിന് സാക്ഷിയാകാന്‍ നാട്ടുകാരുമത്തെിയിരുന്നു. ചേന, ചേമ്പ്, വാഴ, കപ്പ, വെണ്ട തുടങ്ങിയവയുടെ വിളവെടുപ്പ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. വിവിധ സാമൂഹിക ലക്ഷ്യങ്ങളുള്ള ഒരു പാക്കേജായാണ് പച്ചക്കറി കൃഷിയെ മനോഹരന്‍ കാണുന്നത്. വിഷമുക്തമായ പച്ചക്കറികള്‍ നാട്ടില്‍തന്നെ വിളയിക്കുകയാണ് പ്രഥമലക്ഷ്യം. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് ലക്ഷ്യംതെറ്റാതെ യുവതലമുറയെ കര്‍മരംഗത്ത് പിടിച്ചുനിര്‍ത്തുക, ജൈവവള പ്രയോഗത്തിന്‍െറ പ്രാധാന്യം കൃഷിക്കാരെ ബോധ്യപ്പെടുത്തുക, അധ്വാനശീലവും സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആശയങ്ങള്‍കൂടി കൃഷിയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. കൊന്നപ്പത്തലിന്‍െറ ഇല, ചാണകം, അറക്കപ്പൊടി, അടുക്കള മാലിന്യം, ഉപയോഗിച്ച തേയില, ശര്‍ക്കര തുടങ്ങിയവ വലിയ ടാങ്കിലാക്കി അഴുകിയശേഷം കൃഷിക്ക് ഉപയോഗിക്കുന്ന ജൈവരീതിയാണ് മനോഹരന്‍ പരീക്ഷിച്ചിരിക്കുന്നത്. മാലിന്യത്തെ ഉറവിടത്തില്‍തന്നെ നിര്‍മാര്‍ജനം ചെയ്യുവാനും ഇത് സഹായകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.