ജില്ലയില്‍ സര്‍വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 32.07 കോടി

കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തെ സര്‍വശിക്ഷാ അഭിയാനിന്‍െറ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ രൂപവത്കരിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യയോഗം എറണാകുളം ഗവ. ഗെസ്റ്റ് ഹൗസില്‍ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫിസര്‍ എസ്. സന്തോഷ്കുമാര്‍ എറണാകുളം എസ്.എസ്.എയുടെ 2015-’16 വാര്‍ഷിക പദ്ധതിയും ബജറ്റും അവതരിപ്പിച്ചു. ബജറ്റില്‍ 32.07 കോടി രൂപയുടെ പദ്ധതിയാണ് എറണാകുളം ജില്ലക്ക് അനുവദിച്ചത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി 137.75 ലക്ഷം രൂപയും ജില്ലയില്‍ വിവിധ സ്കൂളുകളിലെ മേജര്‍ അറ്റകുറ്റപ്പണികള്‍ക്കായി 12.92 ലക്ഷം രൂപയും വകയിരുത്തി. ജില്ലയില്‍ ഇതുവരെയും സ്കൂള്‍ പ്രവേശം നേടാത്ത കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് 3.48 ലക്ഷം രൂപയും വകയിരുത്തി. രണ്ടുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകത്തിനും ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ എ.പി.എല്‍ ആണ്‍കുട്ടികള്‍ക്കൊഴികെ ബാക്കി എല്ലാകുട്ടികള്‍ക്കും യൂനിഫോമിനും തുക ബജറ്റില്‍ വകയിരുത്തി. സ്കൂള്‍ ഗ്രാന്‍റ്, മെയിന്‍റനന്‍സ് ഗ്രാന്‍റ് ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലെ അധ്യാപകര്‍ക്ക് ടീച്ചര്‍ ഗ്രാന്‍റ് എന്നിവയ്ക്കും തുക ബജറ്റില്‍ വകയിരുത്തി. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സഹിതം ബജറ്റ് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ചു.യോഗത്തില്‍ എറണാകുളം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് പി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എം.എല്‍.എ വാര്‍ഷിക പദ്ധതി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സാജിദ സിദ്ദീഖ്, ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.എം. അയ്യൂബ്, കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ നിഷ കുടിയിരിപ്പില്‍, എം.വി. ലോറന്‍സ്, എം.ബി. സ്യമന്തഭദ്രന്‍, ടി.ജി. അശോകന്‍, ആശ സനില്‍, എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പല്‍ ബി. നന്ദകുമാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ കെ.വി. പ്രതീക്ഷ, സാക്ഷരത മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.വി. രതീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് ഡിമ്പിള്‍ മാഗി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍വശിക്ഷാ അഭിയാന്‍ എറണാകുളം ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. പി.എ. കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.