നഗരത്തില്‍ ഹോട്ടല്‍ തകര്‍ത്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

കൊച്ചി: ജോസ് ജങ്ഷനിലെ സഫയര്‍ ഹോട്ടല്‍ എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് തകര്‍ത്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കൊട്ടിടം പൊളിക്കാന്‍ കരാര്‍ നല്‍കിയ ജയ്മോനാണ് (ജോയ്) ബുധനാഴ്ച കര്‍ണാടകയില്‍ പിടിയിലായത്. കെട്ടിട ഉടമ ഖാദര്‍ പിള്ളയുടെ കര്‍ണാടകയിലെ മുസംബി തോട്ടത്തില്‍നിന്നാണ് ജയ്മോനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 16ന് പുലര്‍ച്ച 1.30നാണ് രണ്ട് എക്സ്കവേറ്റര്‍ ഉപയോഗിച്ച് ജയ്മോന്‍െറ നേതൃത്വത്തില്‍ മെട്രോ തൊഴിലാളികള്‍ എന്ന വ്യാജേന എറണാകുളം ജോസ് ജങ്ഷനിലെ ഹോട്ടല്‍ പൊളിച്ചുനീക്കിയത്. ഖാദര്‍ പിള്ളയുടെ ഉടമസ്ഥതയിലെ കെട്ടിടത്തില്‍ എ.കെ. നഹാസും മറ്റ് ആറുപേരും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്. മെട്രോ നിര്‍മാണ പ്രവര്‍ത്തനത്തിന് കെട്ടിടം മുഴുവന്‍ ഏറ്റെടുത്തെങ്കിലും ഹോട്ടല്‍ നടത്തിപ്പുകാര്‍ ഒഴിഞ്ഞ് കൊടുക്കാത്തത്തിലെ വിരോധം നിമിത്തം കെട്ടിട ഉടമ ജോയിക്ക് കെട്ടിടം പൊളിക്കാന്‍ കരാര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് 16ന് പുലര്‍ച്ചെ എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് ഹോട്ടലിന്‍െറ മുന്‍വശവും ഷട്ടറുകളും പൊളിച്ച് നീക്കി. ഇതേസമയം, ഇതര സംസ്ഥാനക്കാരായ ഒമ്പത് തൊഴിലാളികള്‍ മുറിക്കുള്ളിലുണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പൊളിക്കാനുപയോഗിച്ച എക്സ്കവേറ്ററുകള്‍ അന്നുതന്നെ കസ്റ്റഡിലെടുത്തിരുന്നു. എക്സ്കവേറ്റര്‍ ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്തിരുന്നു. കളമശ്ശേരി എസ്.ഐ ഗോപകുമാറും സംഘവുമാണ് ജോയിയെ കര്‍ണാടകയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.