കൊച്ചി: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബര്‍ 25ന് നടക്കും. പൊങ്കാലയോടനുബന്ധിച്ച് 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരത്താനുള്ള സൗകര്യം ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രപരിസര പ്രദേശങ്ങളോടൊപ്പം തകഴി, തിരുവല്ല, കോഴഞ്ചേരി റോഡ്, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട്, എന്നിവിടങ്ങളിലെ പൊതുനിരത്തുകള്‍, ഇടവഴികള്‍ എന്നിവിടങ്ങളിലാണ് പൊങ്കാല അടുപ്പിനുള്ള സൗകര്യമൊരുക്കുന്നത്. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. വി.എച്ച്.പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് ജീവിത എഴുന്നള്ളത്തും പൊങ്കാല നിവേദ്യവും നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. യു.എന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കും. ആലപ്പുഴ, പത്തനംതിട്ട ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ്, കെ.എസ്.ആര്‍.ടി.സി, ആരോഗ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യൂ വകുപ്പുകള്‍ എന്നിവയുടെ സേവനം സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രട്രസ്റ്റിന്‍െറയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണവും ചികിത്സയും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.