കാല്‍ ലക്ഷം വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധമാര്‍ച്ച് നവംബര്‍ ആറിന്

കൊച്ചി: നവംബര്‍ ആറിന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനവേദിയിലേക്ക് വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെയും എന്‍ജിനീയര്‍മാരുടെയും സംയുക്തവേദി, നാഷനല്‍ കോഓഡിനേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ളോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്‍െറ ആഭിമുഖ്യത്തില്‍ കാല്‍ ലക്ഷം വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. വൈദ്യുതി നിയമഭേദഗതി ബില്ലിലെ ജനവിരുദ്ധ, തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ യൂനിയനുകളുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നെങ്കിലും ഇതുവരെ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ളെന്ന് സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ജേക്കബ് ലാസര്‍ പറഞ്ഞു. വിതരണമേഖല സ്വകാര്യവത്കരിച്ച് ഒന്നിലധികം സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ഏല്‍പിച്ചുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വൈദ്യുതി നിയമഭേദഗതി ബില്‍ 2014, ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടിയത്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളും കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സമ്മേളനവേദിയിലേക്ക് പ്രക്ഷോഭസമരത്തില്‍ പങ്കുചേരും. കൊച്ചിയില്‍ സംഘടിപ്പിച്ച സംഘാടക സമിതി യോഗം എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡന്‍റ് കെ.ഒ. ഹബീബ് ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി എം.പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ട്രിസിറ്റ് എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി സിബിക്കുട്ടി ഫ്രാന്‍സിസ്, ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി എം.ജി. സുരേഷ് കുമാര്‍, വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി വി. ലക്ഷ്മണന്‍, ഓഫിസേഴ്സ് ഫെഡറേഷന്‍ ജന. സെക്രട്ടറി അലക്സ് മാമച്ചന്‍, പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. വര്‍ഗീസ്, എന്‍ജിനീയേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജ് മാത്യു, വര്‍ക്കേഴ്സ് അസോസിയേഷന്‍ അസി. സെക്രട്ടറി വി.എസ്. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രക്ഷോഭസമരം വിജയിപ്പിക്കാനായി മുഹമ്മദ് കാസിം ചെയര്‍മാനും ജേക്കബ് ലാസര്‍ (വര്‍ക്കിങ് ചെയര്‍.), എല്‍.ആര്‍. ശ്രീകുമാര്‍ (കണ്‍.), കെ.എന്‍. മോഹനന്‍ (ജോ. കണ്‍.) തുടങ്ങി 51 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.