നിയന്ത്രണം വിട്ട അമോണിയം ടാങ്കര്‍ വാഹനങ്ങളിലിടിച്ച് നിന്നു; ഒഴിവായത് വന്‍ ദുരന്തം

പള്ളിക്കര: അമോണിയം കയറ്റിവന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് അമ്പലമുകളില്‍ അപകടത്തില്‍പെട്ടു. ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയുടെ ഐ.ആര്‍.ഇ.പി ഗേറ്റിന് സമീപം ചൊവ്വാഴ്ച രാത്രി 7.45നാണ് സംഭവം. ഫാക്ടിലേക്ക് അമോണിയയുമായി വന്ന ടാങ്കര്‍ കയറ്റത്തില്‍ നിയന്ത്രണം വിട്ട് പിറകോട്ടിറങ്ങി. ടാങ്കര്‍ ലോറി പിന്നിലുണ്ടായിരുന്ന കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നാലെ വന്ന മറ്റൊരു കാറിലും ആ കാര്‍ അതിനുപിന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയിലും ഇടിച്ച് നിന്നു. പിന്നാലെ വന്ന വാഹനങ്ങളില്‍ ഇടിച്ച് നിന്നില്ലായിരുന്നെങ്കില്‍ കുത്തനെയുള്ള ഇറക്കത്തില്‍ അമോണിയം ടാങ്കര്‍ ലോറി മറിയുമായിരുന്നു. വന്‍ അപകടമാണ് ഒഴിവായത്. അമോണിയം പോലുള്ള രാസവസ്തുക്കള്‍ കൊണ്ടുപോകുമ്പോഴുള്ള സുരക്ഷക്രമീകരണം പാലിച്ചില്ളെന്ന് ആക്ഷേപമുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ഒമ്പതുമണിക്ക് ശേഷമെ അമോണിയം ടാങ്കര്‍ ലോറികള്‍ പോകാവൂ എന്ന വ്യവസ്ഥ ലംഘിച്ചതായും ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.