മസ്തിഷ്കാഘാത മരണം: എസ്.ഐയുടെ അവയവങ്ങള്‍ ദാനംചെയ്തു

കൊച്ചി: മസ്തിഷ്കാഘാതംമൂലം മരിച്ച എസ്.ഐയുടെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ പിണര്‍മുണ്ട മലയില്‍ എം.വി. ജോര്‍ജ് (55) ആണ് വെള്ളിയാഴ്ച മരിച്ചത്. ഞായറാഴ്ച ഐ.എസ്.എല്‍ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലത്തെിയ ജോര്‍ജിനു മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍തന്നെ തുടരുകയായിരുന്നു. തുടര്‍ന്നു ബുധനാഴ്ച കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. വെന്‍റിലേറ്ററില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമവും വിഫലമായി. ശനിയാഴ്ച പുലര്‍ച്ചെ 2.30നു മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിനു സമ്മതം അറിയിച്ചത്. പരിശോധനയില്‍ കരളും കോര്‍ണിയയും വീണ്ടെടുക്കാന്‍ മെഡിക്കല്‍ സംഘം തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെ അവയവങ്ങള്‍ വീണ്ടെടുത്തു. അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കാണ് കരള്‍ ദാനം ചെയ്തത്. കോര്‍ണിയകള്‍ അമൃത ആശുപത്രിയിലെ ഐ ബാങ്കിലേക്കു മാറ്റി. ഭാര്യ വടവുകോട് കീരിക്കാട്ടില്‍ കുടുംബാംഗം ലാലി ജോര്‍ജ് (ക്ളര്‍ക്ക് വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്), മക്കള്‍ ജെറിന്‍ ജോര്‍ജ് (കുമരകം ലേക് റിസോര്‍ട്ട്), ജെറീന ജോര്‍ജ് (കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി). സംസ്കാരം ഞായറാഴ്ച രാവിലെ 11നു ബ്രഹ്മപുരം ചെറുതോട്ടുകുന്നേല്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ശനിയാഴ്ച ഉച്ചയ്ക്കു 12നു സെന്‍ട്രല്‍ സ്റ്റേഷനിലത്തെിച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എ.ഡി.ജി.പി കെ. പത്മകുമാര്‍, ഐ.ജി എം.ആര്‍. അജിത്ത്കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, ഡി.സി.പി ഹരിശങ്കര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.