കൊച്ചി: ബാങ്ക് വായ്പ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ കാക്കനാട്ട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ 71 ദിവസമായി നടത്തുന്ന കണ്ണുകെട്ടി സമരം പരിഹരിക്കുന്നതില്‍ അവഗണന തുടരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കാനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാനും തീരുമാനം. ബാങ്ക് വായ്പ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ഭീഷണിയിലായി തെരുവിലേക്ക് എറിയപ്പെടുമെന്ന ആശങ്കയില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് നിരാഹാരമനുഷ്ഠിക്കുക. രാവിലെ ഒമ്പതിന് സി.ആര്‍. നീലകണ്ഠന്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്യും. നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പുദിവസം വോട്ട് ബഹിഷ്കരിച്ച് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ കണ്ണുകെട്ടി സമരപ്പന്തലില്‍ ഒത്തുകൂടും. ബാങ്ക് ലോണ്‍ മാഫിയ വായ്പ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ പ്രശ്നത്തില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 28ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ടധര്‍ണ നടത്താനും സമരസമിതി തീരുമാനിച്ചു. വായ്പ തട്ടിപ്പിനിരയായവര്‍ക്കെതിരെ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, വായ്പ തട്ടിപ്പുകേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ നിയമിച്ച് അന്വേഷിക്കുക, അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. സര്‍ഫാസി നിയമത്തിന്‍െറ മറവില്‍ ബാങ്ക് മാനേജര്‍മാരും ഇടനിലക്കാരും ചേര്‍ന്ന് 2009ല്‍ വല്ലാര്‍പാടം പനമ്പുകാട്ടെ 11 ദലിത് കുടുംബങ്ങളെയാണ് വായ്പ തട്ടിപ്പിന് ഇരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.