രണ്ടുലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വൈപ്പിന്‍: മത്സ്യസമൃദ്ധി പദ്ധതി രണ്ട് പ്രകാരം രണ്ടുലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നായരമ്പലം നെടുങ്ങാട് പുഴയില്‍ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചു. ഹെര്‍ബര്‍ട്ട് പാലത്തിന് സമീപത്തെ കടവിലാണ് നിക്ഷേപിച്ചത്. അനുദിനം ശോഷിച്ചുവരുന്ന പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിങ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി മത്സ്യസമൃദ്ധി പദ്ധതി പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി നടപ്പാക്കിവരുന്നതാണ് പദ്ധതി. ഈ വര്‍ഷം പദ്ധതിയുടെ ഭാഗമായി നായരമ്പലം ഗ്രാമപഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് പാലത്തിന് സമീപത്തെ നെടുങ്ങാട് പുഴയില്‍ തിങ്കളാഴ്ച രാവിലെ 8.30ന് രണ്ടുലക്ഷം കാരചെമ്മീന്‍ വിത്ത് ഫിഷറീസ് വകുപ്പ് വഴി കായലില്‍ നിക്ഷേപിച്ചു. സംസ്ഥാന മത്സ്യവകുപ്പിന്‍െറ കീഴിലെ അഴീക്കോട്ടുള്ള റീജിനല്‍ ഷ്രിംപ് ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ചതും പി.സി.ആര്‍ പരിശോധന നടത്തി വെള്ളപ്പുള്ളി വൈറസ് രോഗം അടക്കം നാലിനം വൈറസ് രോഗങ്ങള്‍ ഇല്ളെന്ന് ഉറുപ്പുവരുത്തിയ ചെമ്മീന്‍ വിത്താണ് നിക്ഷേപിച്ചത്. കാലാവസ്ഥയിലെ വ്യതിയാനം, ജല മലിനീകരണം അമിത ചൂഷണം, വെള്ളപ്പുള്ളി രോഗം എന്നിവ മൂലം കായലുകളില്‍ ചെമ്മീന്‍ ലഭ്യത വളരെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കായലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഈ പദ്ധതിയിലൂടെ മത്സ്യമേഖല അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിലൂടെ മത്സ്യസമ്പത്ത് ഗണ്യമായ തോതില്‍ ഉയരുന്നതിന് കാരണമായിട്ടുണ്ടെന്ന് പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. 10 ശതമാനം അതിജീവന നിരക്ക് കണക്കാക്കിയാല്‍തന്നെ ഒന്നര ടണ്‍ ചെമ്മീന്‍ ഉല്‍പാദനം ഇതിലൂടെ നേടാനും കയറ്റുമതിയില്‍ 1.75 ലക്ഷം വിപണിമൂല്യമുള്ള ചെമ്മീന്‍ അധികമായി ലഭിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗവും തൊഴില്‍ ഭദ്രതയും ഉറപ്പാക്കാനും സാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാരും മത്സ്യസമൃദ്ധി പദ്ധതിയിലെ പ്രോജക്ട് അസിസ്റ്റന്‍റുമാരും അഗ്രികള്‍ചറല്‍ കോഓഡിനേറ്റര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കാളിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.