കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെനന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. ഇടപ്പള്ളി ഹൈകോര്‍ട്ട് റോഡില്‍ മെട്രോ റെയില്‍ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വിസ് ബസുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങളും കര്‍ശനമായി നിയന്ത്രിക്കും. വാഹനങ്ങള്‍ ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്റ്റേഡിയത്തിന്‍െറ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡ്, സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്, സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുള്ള റോഡ് എന്നിവിടങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. മത്സരം കാണുന്നതിനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും വൈറ്റില ഭാഗത്തുനിന്ന് എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്‍െറ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്‍റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവിടങ്ങളിലും വലിയ വാഹനങ്ങള്‍ ഇടപ്പള്ളി-വൈറ്റില നാഷനല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വിസ് റോഡുകളിലും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കനൈര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗത തടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യേണ്ടതാണ്. മത്സരം കാണാന്‍ വൈപ്പിന്‍, ഹൈകോര്‍ട്ട് ഭാഗങ്ങളില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സെന്‍റ് ആല്‍ബര്‍ട്സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം. എന്‍.എച്ച് 47ല്‍ വടക്കുഭാഗത്തുനിന്ന് (തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) കാണികളുമായി വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. എന്‍.എച്ച് 47ല്‍ തെക്കുഭാഗത്തുനിന്നും (ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം), കോട്ടയം ഭാഗത്തുനിന്നും കാണികളുമായി വരുന്ന വാഹനങ്ങള്‍ വൈറ്റില ജങ്ഷനില്‍ ആളുകളെ ഇറക്കി നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വിസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇടുക്കി , കാക്കനാട്, മുവാറ്റുപുഴ ഭാഗത്തുനിന്നള വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപം സര്‍വിസ് റോഡുകളില്‍ ഗതാഗത തടസ്സമുണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.