പറവൂര്‍ നഗരസഭയില്‍ 25 പേര്‍ പത്രിക നല്‍കി; ബ്ളോക്കില്‍ 33 പേര്‍

പറവൂര്‍: പത്രിക സമര്‍പ്പണം ബുധനാഴ്ച മൂന്നോടെ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ 25 പേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പിയുടെ 16 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നും ആം ആദ്മി പാര്‍ട്ടിയിലെ മൂന്നുപേരും ബാക്കി കക്ഷിരഹിതരുമാണ് ചൊവ്വാഴ്ച പത്രിക നല്‍കിയത്. എല്‍.ഡി.എഫിന്‍െറയും യു.ഡി.എഫിന്‍െറയും മറ്റ് സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച പത്രിക നല്‍കും. ആകെയുള്ള 29 സീറ്റിലേക്കാണ് മത്സരം. പറവൂര്‍ ബ്ളോക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന്‍െറ ഒരു സ്ഥാനാര്‍ഥി ഒഴികെ 12 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ചു. ഒമ്പതാം ഡിവിഷന്‍ സ്ഥാനാര്‍ഥിയാണ് പത്രിക നല്‍കാതിരുന്നത്. ബുധനാഴ്ച സമര്‍പ്പിക്കുമെന്ന് എല്‍.ഡി.എഫ് വൃത്തങ്ങള്‍ പറഞ്ഞു. ആകെ 13 ഡിവിഷനുകളാണ് ബ്ളോക് പഞ്ചായത്തിലുള്ളത്. യു.ഡി.എഫിന്‍െറ പത്രിക സമര്‍പ്പണം ബുധനാഴ്ച നടക്കുമെങ്കിലും ഇപ്പോഴും പല സീറ്റിലും തീരുമാനമായിട്ടില്ല. അതുകൊണ്ട് ഇരട്ടിയിലധികം പേരായിരിക്കും നാമനിര്‍ദേശ പത്രിക നല്‍കുക. പിന്‍വലിക്കുന്നതിനുമുമ്പ് സമവായമുണ്ടാക്കി പിന്നീട് ഒഴിവാക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ഗ്രാമപഞ്ചായത്തുകളിലേക്ക് ഇരുമുന്നണികളുടെയും പത്രിക സമര്‍പ്പണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. വിമതഭീഷണിയും സ്ഥാനാര്‍ഥിത്വമോഹികളുടെ കടന്നുകയറ്റവും സ്ഥാനാര്‍ഥിപ്പട്ടം ലഭിച്ചവര്‍ പോലും മടിച്ചുനില്‍ക്കുന്ന അവസ്ഥയുമാണ്. പുത്തന്‍വേലിക്കര- 60, ചേന്ദമംഗലം- 65, വടക്കേക്കര- 63, ചിറ്റാറ്റുകര- 36, ഏഴിക്കര-33, കോട്ടുവള്ളി- 41, വരാപ്പുഴ- 17 എന്നിങ്ങനെയാണ് പത്രിക ലഭിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റി, ബ്ളോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായി ബി.ജെ.പിക്കാര്‍ പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍, എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച പത്രിക നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.