കൊച്ചി: രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി കോര്‍പറേഷന്‍ രണ്ടാം ഡിവിഷനില്‍ നടപ്പാക്കുന്ന ഫ്ളാറ്റ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. രണ്ട് ടവറുകളുള്ളതില്‍ ഒന്നിനുള്ള ടെന്‍ഡറാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. റേ പദ്ധതിയില്‍ 398 കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഫ്ളാറ്റ് പദ്ധതി മാത്രം നഗരസഭ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. 36 മാസം കാലാവധിയുള്ള റേ പദ്ധതിയുടെ 15 മാസം പിന്നിട്ടിട്ടും ഫ്ളാറ്റ് പദ്ധതിയുടെ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ നീട്ടിപ്പോകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധം രൂപപ്പെട്ടതോടെയാണ് ഇപ്പോള്‍ നടപടി ആരംഭിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഫ്ളാറ്റ് പദ്ധതിയുടെ ഗുണഭോക്താക്കളെ സംഘടിച്ച് റേ ഫ്ളാറ്റ് സംരക്ഷണ സമിതി രൂപവത്കരിച്ചാണ് ഇതിനെതിരെ നിയമ-സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സണ്‍റൈസ് കൊച്ചിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷനും റേ ഫാറ്റ് പദ്ധതി വൈകുന്നതില്‍ ഇടപെടുകയും ഫ്ളാറ്റ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ കോര്‍പറേഷന്‍ കൗണ്‍സിലറുടെയും റേ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടന്നു. ഫ്ളാറ്റ് പദ്ധതി നടപ്പാക്കാന്‍ സമരം ചെയ്ത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ചും നടത്തി. ഫ്ളാറ്റ് പദ്ധതി ടെന്‍ഡര്‍ നടപടി ആരംഭിച്ച് സന്തോഷകരമായ കാര്യമാണെന്നും പദ്ധതി പൂര്‍ത്തിയാകും വരെ ഒരു ജാഗ്രതാ സമിതിയായി റേ സംരക്ഷണ സമിതി നിലകൊള്ളുമെന്നും ചെയര്‍മാര്‍ താഹിര്‍ അനസ് പറഞ്ഞു. റേ പദ്ധതി പ്രകാരം 12 നിലകളുള്ള രണ്ട് ടവറുകളാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കോര്‍പറേഷന്‍ ഒരു ടവറിന് മാത്രമേ ടെന്‍ഡര്‍ വിളിച്ചിട്ടുള്ളത്. പദ്ധതി പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കിയാല്‍ മാത്രമേ പദ്ധതിപ്രകാരമുള്ള ഭൂരഹിതര്‍ക്കും പ്രയോജനം ലഭിക്കുക. അതിനാല്‍ രണ്ടാമത്തെ ടവറിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ കോര്‍പറേഷനില്‍ സമ്മര്‍ദം ചെലുത്തുമെന്ന് താഹിര്‍ അനസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.