കൊച്ചി നഗരസഭ: സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മത്സരിക്കും

കൊച്ചി: കൊച്ചി നഗരസഭയില്‍ തിങ്കളാഴ്ച നടക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയടക്കം ആകെയുള്ള എട്ട് സ്ഥിരം സമിതികളിലേക്കാണ് മത്സരം നടക്കുന്നത്. എല്‍.ഡി.എഫിന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കാമെന്നും മത്സരം ഒഴിവാക്കണമെന്നുമുള്ള ഭരണപക്ഷത്തിന്‍െറ നിര്‍ദേശം തള്ളിയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് മത്സരിക്കാന്‍ ഞായറാഴ്ച ലെനിന്‍ സെന്‍ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചത്. അതേസമയം, രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അല്ളെങ്കില്‍ വിദ്യാഭ്യാസത്തിന് പകരം മറ്റൊന്ന് എന്ന ആവശ്യം മത്സരം ഒഴിവാക്കാനായി പ്രതിപക്ഷം മുന്നോട്ട്വെച്ചെങ്കിലും ഭരണപക്ഷം അംഗീകരിച്ചില്ല. എട്ട് സ്ഥിരം സമിതികളില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ഡെപ്യൂട്ടി മേയര്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാനങ്ങളിലേക്കും മത്സരം നടക്കും. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ 10ഉം മറ്റിടങ്ങളില്‍ ഒമ്പതുമാണ് അംഗസംഖ്യ. മത്സരം നടന്നാല്‍ പ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള അവസരം ബി.ജെ.പിക്ക് നഷ്ടമാവും. നിലവില്‍ ഭരണപക്ഷമായ യു.ഡി.എഫ് 38, എല്‍.ഡി.എഫ് 30, നാല് സ്വതന്ത്രര്‍, രണ്ട് ബി.ജെ.പി എന്നിങ്ങനെയാണ് കക്ഷിനില. റെബലുകളില്‍ രണ്ടുപേരുടെ പിന്തുണയാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. അതേസമയം, എല്‍.ഡി.എഫ് റെബലുകളില്‍ ചിലരുടെ പിന്തുണ യു.ഡി.എഫും പ്രതീക്ഷിക്കുന്നു. മത്സരം നടന്നാലും ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി ലഭിക്കുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.