ഏജന്‍സിക്കെതിരെ ഹരജി നല്‍കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

വൈപ്പിന്‍ : പാചകവാതക വിതരണത്തിനെതിരെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പാചകവാതക വിതരണ ഏജന്‍സിയായ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെ എ ആന്‍ഡ് എ ഇന്‍ഡേന്‍ ഗ്യാസ് വിതരണ ഏജന്‍സിക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഹരജി നല്‍കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍. എടവനക്കാട് എസ്.പി സഭാസ്കൂളില്‍ നടന്ന ഒപ്പ് ശേഖരണ യോഗം എടവനക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വി.കെ. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. സുന്ദരേശന്‍, വൈസ് പ്രസിഡന്‍റ് സോളി തോമസ്, സലാം എടവനക്കാട്, ജോണ്‍ മുക്കത്ത് എന്നിവര്‍ സംസാരിച്ചു. ഒപ്പു ശേഖരണത്തിന് കെ.എം. അബ്ദു, എം.എസ.് ബാലകൃഷ്ണന്‍, സീനത്ത് റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി. റീഫില്‍ ബുക് ചെയ്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സിലിണ്ടറുകള്‍ ലഭിക്കാതെ ഉപഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് മാസന്തോറും കൃത്യമായി സിലിണ്ടര്‍ വിതരണം നടത്തണമെന്ന് കൗണ്‍സില്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എടവനക്കാട് ,കുഴുപ്പിള്ളി, ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ ഭാഗികമായും സിലിണ്ടര്‍ വിതരണ ഏജന്‍സിക്ക് 16000 ഉപഭോക്താക്കളാണുള്ളത്. ഉപഭോക്താക്കളുടെ ആധിക്യമാണ് വിതരണം സുഗമമാകാത്തതെന്നാണ് ഉപഭോക്്തൃ കൗണ്‍സിലിന്‍െറ വാദം. ഈ സാഹചര്യത്തില്‍ പള്ളിപ്പുറം പഞ്ചായത്തിനെ പൂര്‍ണമായും തൊട്ടടുത്ത ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി പള്ളത്താംകുളങ്ങരയിലെ ഏജന്‍സി കുഴുപ്പിള്ളി ,എടവനക്കാട് പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായി നിലനിര്‍ത്തണമെന്നും കൗണ്‍സില്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ മാത്രമായി പാചകവാതക വിതരണത്തിനു ഭാരത് ഗ്യാസിന്‍െറ പുതിയ ഏജന്‍സി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതിയോഗം പ്രമേയം പാസാക്കി. നിലവിലെ ഗ്യാസ് ഏജന്‍സി വിഭജിച്ച് നല്‍കുകയോ മറ്റേതെങ്കിലും പെട്രോളിയം കമ്പനിയുടെ വിതരണ ലൈസന്‍സ് അനുവദിച്ചു നല്‍കിയാലോ നടത്താന്‍ തയാറാണെന്ന് എടവനക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി.എ. ജോസഫ് അറിയിച്ചു. ഇക്കാര്യം എം.പി.യുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായും പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ ദിവസം പാചകവാതകത്തിനായി ഓഫിസ് കയറിയിറങ്ങിയ വികലാംഗനായ ഒരു വയോധികന്‍ സിലിണ്ടര്‍ ലഭിക്കാതെ വന്നപ്പോള്‍ പള്ളത്താംകുളങ്ങരയിലെ ഏജന്‍സി ഓഫിസിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്നത്തില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലും സഹകരണ ബാങ്കും പഞ്ചായത്തുമെല്ലാം ഇടപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.