ലഹരി മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും പിടിയില്‍ ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡ്

ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും അനാശാസ്യ സംഘങ്ങളുടെയും പ്രവര്‍ത്തനം വ്യാപകമാകുന്നു. ഇതുമൂലം സ്റ്റാന്‍ഡിലെ വ്യാപാരികളും ബസ് ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. പേരിന് മാത്രം വല്ലപ്പോഴും പൊലീസ് എത്തിനോക്കുന്ന ബസ്സ്റ്റാന്‍ഡില്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളും ഉപഭോക്താക്കളും രാപകല്‍ സജീവമാണ്. വിദ്യാര്‍ഥികളും ചില ബസ് ജീവനക്കാരുമാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രധാന ഇരകള്‍. സ്റ്റാന്‍ഡിലെ പഴയ മൂത്രപ്പുരകള്‍ കേന്ദ്രീകരിച്ച് ദിനംപ്രതി മയക്കുമരുന്ന് വില്‍പന പൊടിപൊടിക്കുകയാണ്. ഇവിടത്തെ പൊലീസ് എയ്ഡ് പോസ്റ്റ് ഇതിനകം നോക്കുകുത്തിയായി മാറിക്കഴിഞ്ഞു. മാസങ്ങളോളം പൊലീസ് ഇല്ലാതിരുന്ന ഇവിടെ പരാതികളെ തുടര്‍ന്ന് കുറച്ച് കാലം മുമ്പാണ് വീണ്ടും പൊലീസിന്‍െറ സേവനം ലഭ്യമായത്. എന്നാല്‍, ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് പൊലീസ് ഇവിടെ എത്തുന്നത്. സ്റ്റാന്‍ഡിലെ പ്രശ്നങ്ങളെ കുറിച്ച് പൊലീസുകാര്‍ക്ക് അറിവുണ്ടെന്നും എന്നാല്‍, നടപടി കൈക്കൊള്ളാന്‍ മടിക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഇതര സംസ്ഥാന ജീവനക്കാരനായ ചായക്കട തൊഴിലാളിയെ കഞ്ചാവ് മാഫിയയില്‍പെട്ടയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന അക്രമി തൊഴിലാളിയോട് സിഗരറ്റ് കടം ചോദിക്കുകയായിരുന്നു. പണം ലഭിക്കില്ളെന്നറിയാവുന്ന തൊഴിലാളി സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതാണ് മര്‍ദനത്തിന് കാരണമായത്. കടയില്‍ കയറിയ അക്രമി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. മയക്കുമരുന്ന് ഉപയോഗം കാരണം ബസ് ഡ്രൈവര്‍ ജോലി പോയ ജോളി എന്നയാളാണ് ജീവനക്കാരനെ മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കുറച്ച് നാള്‍ ജയിലിലായിരുന്നു. പൊലീസുമായി ബന്ധമുള്ളതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാറില്ളെന്ന് ആക്ഷേപമുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് മയക്കുമരുന്ന് ലഹരിയിലായിരുന്ന രണ്ടുപേര്‍ തമ്മില്‍ ഇവിടെ അടിപിടിയുണ്ടായിരുന്നു. സോഡാക്കുപ്പികൊണ്ട് തലക്കടിയേറ്റ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ ഇവിടെ പൊലീസിന് കഴിയുന്നില്ല. സ്റ്റാന്‍ഡില്‍ നിത്യേനയുണ്ടാകുന്ന പ്രശ്നങ്ങള്‍ തടയാനോ അക്രമികളെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ല. എപ്പോഴെങ്കിലും നടപടി എടുക്കുകയാണെങ്കില്‍ തന്നെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുപോലും പൊലീസ് വിവരങ്ങള്‍ മറച്ചുവെക്കലാണ് പതിവ്. സ്റ്റാന്‍ഡിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നഗരസഭയും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. വാടക പിരിക്കാനല്ലാതെ മറ്റൊരു കാര്യത്തിലും നഗരസഭാ അധികൃതര്‍ക്ക് ശ്രദ്ധയില്ളെന്ന് വ്യാപാരികളടക്കമുള്ളവര്‍ ആരോപിക്കുന്നു. രാത്രിയില്‍ മതിയായ വെളിച്ചം പോലും കൃത്യമായി ലഭിക്കുന്നില്ല. മയക്കുമരുന്ന് മാഫിയകളുടെയും അനാശാസ്യ സംഘങ്ങളുടെയും പ്രധാന താവളമായ പഴയ മൂത്രപ്പുരകള്‍ കൃത്യമായി സംരക്ഷിക്കുകയോ അല്ളെങ്കില്‍ പൊളിച്ച് കളയുകയോ വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ട് കാലങ്ങളായി. എന്നാല്‍, യാതൊരു നടപടികളും ഉണ്ടായിട്ടില്ല. സ്റ്റാന്‍ഡിലുണ്ടാവാറുള്ള പ്രശ്നങ്ങളെക്കുറിച്ച് വ്യാപാരികള്‍ പൊലീസ് അടക്കമുള്ളവരെ കൃത്യമായി അറിയിക്കാറുള്ളതാണ്. എന്നാല്‍, അക്രമികളെ പിടിച്ചുകൊണ്ടുപോകുന്ന പൊലീസ് ഇവരെ സ്റ്റേഷനില്‍ എത്തിയാലുടന്‍ പറഞ്ഞുവിടുകയാണ് പതിവ്. അക്രമികള്‍ പിന്നീട് പൊലീസിനു വിവരം നല്‍കിയ വ്യാപാരികള്‍ക്കെതിരെ തിരിയുന്ന സംഭവങ്ങളുണ്ടായതോടെ വ്യാപാരികളടക്കമുള്ളവരും മൗനം പാലിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.