ശുദ്ധജലമത്സ്യം: ഗവേഷകരുടെ ദേശീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു

കൊച്ചി: പശ്ചിമഘട്ടനിരകളില്‍ കാണപ്പെടുന്ന ശുദ്ധജല മത്സ്യയിനങ്ങളെക്കുറിച്ച് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) സെന്‍റര്‍ ഫോര്‍ ടാക്സോണമി ഓഫ് അക്വാട്ടിക് അനിമല്‍സ് ഗവേഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. തദ്ദേശമത്സ്യയിനങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ശില്‍പശാല ചൊവ്വാഴ്ച രാവിലെ 9.30ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറും പ്രമുഖ സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. കെ. വെങ്കിട്ടരാമന്‍ ഉദ്ഘാടനം ചെയ്യും. വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിക്കും. പശ്ചിമഘട്ടത്തിലെ ശുദ്ധജലമത്സ്യങ്ങളുടെ വര്‍ഗീകരണം, വംശനാശഭീഷണി നേരിടുന്ന തനത് മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍, ജനകീയ പങ്കാളിത്തത്തോടെയുള്ള മത്സ്യവിഭവ സംരക്ഷണം, അക്വേറിയം മേഖലയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്ന നാടന്‍ മത്സ്യങ്ങള്‍, വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയ്ക്കനുസരിച്ചുള്ള മത്സ്യങ്ങളുടെ വിന്യാസം തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, അക്വേറിയം ഹോബിയിസ്റ്റുകള്‍ എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.