വിദ്യാര്‍ഥിയെ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ചു

വൈപ്പിന്‍: കണ്‍സഷനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയെ സ്വകാര്യബസിലെ ഡോര്‍ ചെക്കര്‍ മര്‍ദിച്ചെന്ന് പരാതി. മുഖത്ത് ഇടിയേറ്റ ഫോര്‍ട്ട് വൈപ്പിന്‍ ഒൗവര്‍ ലേഡി ഓഫ് ഹോപ് ഹൈസ്കൂളിലെ വിദ്യാര്‍ഥിയായ മാലിപ്പുറം തട്ടാരത്ത് ഷാജഹാന്‍െറ മകന്‍ സഹലിനെ (15) ഞാറക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സനമോള്‍ എന്ന ബസിലെ ജീവനക്കാരനാണ് മര്‍ദിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ മാലിപ്പുറം സ്റ്റോപ്പില്‍ ബസിറങ്ങവെ മുഖത്ത് ഇടിച്ചശേഷം ബസ് പെട്ടെന്ന് ബല്ലടിച്ച് വിടുകയായിരുന്നു. വൈകുന്നേരം വൈപ്പിന്‍ സ്റ്റാന്‍ഡില്‍നിന്ന് പതിവായി വിദ്യാര്‍ഥികളെ കയറ്റാതെയാണ് ഈ ബസ് പോകുന്നത്. രണ്ട് വിദ്യാര്‍ഥികളില്‍ കൂടുതല്‍ കയറാന്‍ അനുവദിക്കാറില്ളെന്നും പറയുന്നു. സ്റ്റാന്‍ഡില്‍ പലപ്പോഴും പൊലീസുകാരുണ്ടാകാറില്ല. ഉണ്ടെങ്കിലും നടപടി എടുക്കാറില്ല. വ്യാഴാഴ്ച ബസുകാരുടെ എതിര്‍പ്പ് അവഗണിച്ച് സഹലും മറ്റു നാല് കൂട്ടുകാരും ബസില്‍ കയറി. ഇത് ബസ് ജീവനക്കാരെ ചൊടിപ്പിച്ചു. ഇവര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ മോശമായ ഭാഷയില്‍ ശകാരം അഴിച്ചുവിടുകയും കണ്‍സഷന്‍ സംബന്ധിച്ച് തര്‍ക്കമുന്നയിക്കുകയും ചെയ്തപ്പോള്‍ വിദ്യാര്‍ഥികളും ഇതിനെതിരെ പ്രതികരിച്ചു. കൂട്ടുകാരില്‍ നാലുപേര്‍ മുമ്പുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങി. മാലിപ്പുറം സ്റ്റോപ്പില്‍ സഹല്‍ ഇറങ്ങുന്നതിനിടെ ഡോര്‍ചെക്കര്‍ മുഖത്ത് ഇടിക്കുകയായിരുന്നെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിയെ മര്‍ദിച്ച ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പി.ടി.എ പ്രസിഡന്‍റ് അഡ്വ. ഡെനിസണ്‍ കോമത്ത്, യൂത്ത് കോണ്‍ഗ്രസ് -എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റണി സജി, യൂത്ത് വിങ് പ്രസിഡന്‍റ് മുഹമ്മദ് ഫലക് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.