കലക്ടര്‍ സ്ഥലം ഉടമകളുടെ യോഗം വിളിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്ഥലം ഉടമകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കലക്ടറേറ്റിലാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് വികസനം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. രണ്ടു മാസം മുമ്പ് യോഗം ചേര്‍ന്നിരുന്നെങ്കിലും വിലയെച്ചൊല്ലിയുള്ള തര്‍ക്കം മൂലം സ്ഥലം ഉടമകള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ 6.35 ലക്ഷം രൂപ സെന്‍റിന് നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിന് പുറമെ പി.ഡബ്ള്യു.ഡി നിശ്ചയിച്ച കെട്ടിട വിലയും ലഭിക്കും. പതിറ്റാണ്ട് മുമ്പ് കെ.എസ്.ടി.പി നിര്‍മാണം പൂര്‍ത്തിയാക്കിയ അങ്കമാലി-മൂവാറ്റുപുഴ എം.സി റോഡിന്‍െറ ഭാഗമായി ടൗണിലെ റോഡ് വികസനവും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സ്ഥലം ഉടമകളുടെയും വ്യാപാരികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ അലൈയ്മെന്‍റില്‍ മാറ്റം വരുത്തി. ഒടുവില്‍ 30 മീറ്റര്‍ വീതിയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ 20 മീറ്ററില്‍ ഒതുക്കി. വെള്ളൂര്‍ക്കുന്നം മുതല്‍ 130 ജങ്ഷന്‍ വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. ഇതിനായി അളന്ന് കല്ലിട്ട് കടലാസ് ജോലികള്‍ പൂര്‍ത്തിയായിട്ട് മൂന്നുമാസം കഴിഞ്ഞു. ഇതിനിടെ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ളെന്ന് സ്ഥലം ഉടമകള്‍ പറഞ്ഞു. നേരത്തേ നഷ്ടപരിഹാരമായി സെന്‍റിന് 13 ലക്ഷം രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇത് എട്ടു ലക്ഷം രൂപയാക്കി കുറച്ചു. കഴിഞ്ഞ തവണ കലക്ടര്‍ വിളിച്ച യോഗത്തില്‍ എട്ടു ലക്ഷം രൂപ നല്‍കാമെന്നാണ് പറഞ്ഞത്. ഇതാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകാന്‍ കാരണമായത്. ഇപ്പോള്‍ തുക വീണ്ടും കുറച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പങ്കെടുത്തിട്ട് കാര്യമില്ളെന്നാണ് ഒരു വിഭാഗം സ്ഥല ഉടമകളുടെ വാദം. കെട്ടിടം ഉടമകളെയും വ്യാപാരികളെയും വിശ്വാസത്തിലെടുത്ത് മാര്‍ക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുപ്പിക്കഴുത്തുപോലുള്ള മൂവാറ്റുപുഴ പട്ടണത്തിലെ റോഡിന്‍െറ വികസനം തര്‍ക്കങ്ങളുണ്ടാക്കി ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.