സ്വകാര്യവത്കരണത്തിനുള്ള നീക്കമെന്ന് യൂനിയനുകള്‍

കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വകാര്യവത്കരണത്തിന് വാതില്‍ തുറന്നിടാനാണെന്ന് കൊച്ചി ഷിപ്യാര്‍ഡ് ജോയിന്‍റ് ആക്ഷന്‍ ഫ്രണ്ട്. കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് സതേണ്‍ നേവല്‍ കമാന്‍ഡന്‍റിന്‍െറ സുരക്ഷക്ക് ഭീഷണിയാകും. നേരത്തേ തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച സ്വകാര്യവത്കരണം വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി കപ്പല്‍നിര്‍മാണ ശാലയെ വിറ്റ് തുലക്കാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും നേതാക്കള്‍ പറഞ്ഞു. നികുതി കഴിച്ച് 200 കോടിയുടെ അറ്റാദായമാണ് മുന്‍വര്‍ഷം കൊച്ചി കപ്പല്‍ശാല നേടിയത്. 1240 കോടിയുടെ നീക്കിയിരിപ്പുണ്ട്. എന്നാല്‍, കപ്പല്‍ശാലയുടെ ഓഹരിവില്‍പനക്ക് വേണ്ടി സ്ഥാപനത്തിന്‍െറ വികസനാവശ്യങ്ങളെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തുകയാണ് കേന്ദ്രം. 1240 കോടി നീക്കിയിരിപ്പുള്ള കമ്പനിക്ക് അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട വികസന പദ്ധതികള്‍ക്കായി ആകെ 2700 കോടിയാണ് കണക്കാക്കിയത്. ഈ തുകതന്നെ ഓഹരി വില്‍പനക്കായി പെരുപ്പിച്ചു കാട്ടുന്നതാണെന്ന് ബോധ്യപ്പെടാന്‍ മാനേജ്മെന്‍റ്തന്നെ ഒരേ വികസന പദ്ധതിക്കായി ആറുമാസത്തിനിടെ പുറത്തിറക്കിയ രണ്ടു പ്രപ്പോസലുകള്‍ തമ്മിലെ 800 കോടിയുടെ വ്യത്യാസം പരിശോധിച്ചാല്‍ മതിയാകും. കൊച്ചി കപ്പല്‍ശാലയെ മാത്രം മാറ്റിനിര്‍ത്തി സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും കേന്ദ്രം കാട്ടുന്ന താല്‍പര്യത്തിന് പിന്നില്‍ കപ്പല്‍ നിര്‍മാണ-റിപ്പയര്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എല്‍ ആന്‍ഡ് ടി പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്നും അദാനി-അംബാനിമാര്‍ ഷിപ്പിങ് വ്യവസായത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന കാലഘട്ടത്തിലാണ് നീക്കമെന്നും നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങുമെന്ന് അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി പി. രാജീവ്, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിംകുട്ടി, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, എംപ്ളോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എ.കെ. കിഷോര്‍കുമാര്‍, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍ ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.