അങ്കമാലി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: രണ്ടുകോടി അനുവദിച്ചു

അങ്കമാലി: മിനി സിവില്‍ സ്റ്റേഷന്‍െറ അന്തിമഘട്ട പ്രവര്‍ത്തനത്തിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ അറിയിച്ചു. 2009ല്‍ ഒന്നാംഘട്ട നിര്‍മാണത്തിന് തുക ലഭിക്കുകയും 2010ല്‍ ശിലാസ്ഥാപനം നടത്തി 2011ല്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടാംഘട്ട നിര്‍മാണത്തിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുകക്ക് ഭരണാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും ചെയ്തു. തുടര്‍ന്ന്, ജോസ് തെറ്റയില്‍ എം.എല്‍.എയുടെ ശ്രമഫലമായി 2012ല്‍ രണ്ടാംഘട്ട നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ച് നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു. ശേഷം ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് അന്തിമഘട്ടത്തിനായി രണ്ടുകോടി ലഭിച്ചത്. വില്ളേജ് ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ്, ജോയിന്‍റ് ആര്‍.ടി ഓഫിസ്, ടോറന്‍സ് സര്‍വേ ഓഫിസ്, സെയില്‍സ് ടാക്സ് ഓഫിസ്, സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ്, ലേബര്‍ ഓഫിസ്, കൃഷിഭവന്‍, ക്ഷീരവികസന ഓഫിസ്, എല്‍.എസ്.ജി.ഡി സബ് ഡിവിഷന്‍ ഓഫിസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ല. ഭൂരിഭാഗം ഓഫിസുകളും ജീര്‍ണാവസ്ഥയിലും സ്ഥലപരിമിതി മൂലം അസൗകര്യങ്ങള്‍ നിറഞ്ഞതുമാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഈ സമുച്ചയത്തിലേക്ക് മാറ്റപ്പെടുന്നതാണ്. മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഉപഭോക്താക്കള്‍ക്കും സമുച്ചയം ഏറെ ഉപകാരപ്രദമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.