റേഷന്‍ ഗോതമ്പ് തിരിച്ചയച്ച സംഭവം : വീഴ്ച പറ്റിയിട്ടില്ളെന്ന് മൊത്ത വ്യാപാരി സംഘടന

കൊച്ചി: കൊച്ചി താലൂക്കിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ടിയിരുന്ന 12 ലോഡ് ഗോതമ്പ് തിരിച്ചയച്ച സംഭവത്തില്‍ വീഴ്ച തങ്ങളുടേതല്ളെന്ന് കേരളറേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് വര്‍ഗീസ്. അരിയും ഗോതമ്പും വിതരണത്തിനെടുക്കാന്‍ മതിയായ സമയം നല്‍കാത്ത സര്‍ക്കാര്‍ നിലപാടുമൂലമാണ് ഗോതമ്പ് എഫ്.സി.ഐ ഗോഡൗണില്‍നിന്ന് എടുക്കാന്‍ വൈകിയതെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസത്തെ ഗോതമ്പിന്‍െറയും അരിയുടെയും അഡ്ഹോക്ക് അലോട്ട്മെന്‍റ് കഴിഞ്ഞമാസം 19 നാണ് കേന്ദ്രസര്‍ക്കാര്‍ റിലീസ് ചെയ്തത്. പിന്നീട് സംസ്ഥാന സര്‍ക്കാറിന്‍െറ നടപടികള്‍ ആരംഭിച്ചത് കഴിഞ്ഞമാസം 28 നും മൊത്തവ്യാപാരികള്‍ക്ക് റിലീസിങ് ഓര്‍ഡര്‍ ലഭിച്ചത് പിറ്റേന്നുമാണ്. നവംബര്‍ 17ന് ഗോതമ്പ് എടുക്കേണ്ട അവസാന തീയതിയായിരുന്നു. ഇതനുസരിച്ച് അലോട്ട് ചെയ്ത റേഷന്‍ സാധനങ്ങളുടെ പണം മുന്‍കൂറായി മൊത്തവ്യാപാരികള്‍ അടച്ചെങ്കിലും പല ലൈസന്‍സികള്‍ക്കും സമയത്തിന് സാധനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. അഞ്ച് പൊതുഒഴിവുകളും രണ്ട് ദിവസം ഗോഡൗണിലെ വേ ബ്രിഡ്ജിന്‍െറ തകരാറും രണ്ട് ദിവസം വിതരണം നിര്‍ത്തിവെച്ചതുംമൂലം ഒമ്പത് ദിവസമാണ് വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടത്. റേഷന്‍ റീടെയില്‍ ഷോപ്പുകളിലും ആവശ്യത്തിന് ഗോതമ്പ് സ്റ്റോക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മൊത്തവ്യാപാര ലൈസന്‍സികള്‍ ഗോതമ്പ് എടുക്കാതിരുന്നത്. ഗോതമ്പിന്‍െറ മുഴുവന്‍ പണവും നവംബര്‍ ആറിന് ബാങ്ക്മുഖേന അടച്ചതിനാല്‍ റേഷന്‍ സാധനങ്ങള്‍ കേന്ദ്രത്തിന് തിരിച്ചു നല്‍കേണ്ടതില്ളെന്നും അസോസിയേഷന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.