വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: സ്ഥാപന ഉടമയെ പിടികൂടി

പെരുമ്പാവൂര്‍: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് പിടികൂടി. സിന്‍ഡിക്കേറ്റ് ബാങ്കിന് സമീപമുള്ള സി.ഐ.ഐ.ടി ആന്‍ഡ് സി.ഐ.എം.എസ് എന്ന സ്ഥാപനത്തിന്‍െറ ഉടമയായ തൃശൂര്‍ ആളൂര്‍ അരിക്കാട്ട് വീട്ടില്‍ സോളിയാണ് (46) പിടിയിലായത്. തങ്ങളുടെ സ്ഥാപനത്തിന് രാജസ്ഥാനിലെ എന്‍.ഐ.എം.എസ് സര്‍വകലാശാലയുടെ അഫിലിയേഷന്‍ ഉണ്ടെന്നും ബി.എസ്സി, എം.എല്‍.ടി കോഴ്സിന് ചേര്‍ന്ന് പഠിച്ച് പാസായാല്‍ വിദേശത്ത് ജോലി ലഭിക്കുമെന്നും പി.എസ്.സി, യു.പി.എസ്.സി പരീക്ഷ എഴുതാനുള്ള യോഗ്യത നേടാമെന്നും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്‍.ഐ.എം.എസ് സര്‍വകലാശാലയുടെ ബി.എസ്സി, എം.എല്‍.ടി കോഴ്സിന് പഠിക്കണമെങ്കില്‍ പ്ളസ്ടു സയന്‍സ് പാസാവണമെന്നിരിക്കെ എസ്.എസ്.എല്‍.സി മാത്രം പാസായ വിദ്യാര്‍ഥികളെയും ഈ കോഴ്സിന് ചേര്‍ത്തിരുന്നു. ഡിവൈ.എസ്.പി ഹരികൃഷ്ണന് കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പിടികൂടിയത്. സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ് അന്വേഷണത്തിന് നേതൃത്വം നല്‍കി. എസ്.ഐ ഹണി കെ. ദാസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.