തെരഞ്ഞെടുപ്പ് പരാജയം: പരസ്പരം ചളിവാരിയെറിഞ്ഞ് ലീഗ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നിലൊന്നായി ചുരുങ്ങിയത് സംബന്ധിച്ച് ജില്ലയില്‍ ലീഗില്‍ ആരോപണപ്രത്യാരോപണങ്ങള്‍. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ജില്ല, സംസ്ഥാന നേതാക്കള്‍ക്ക് പരാതി അയച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം മണിക്കൂറുകളോളം ഇക്കാര്യം ചര്‍ച്ചചെയ്തശേഷം പരാതികള്‍ അന്വേഷിക്കാന്‍ തീരുമാനിച്ച് പിരിഞ്ഞു. അതിനിടെ, കൊച്ചി കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തിനായി വടംവലി രൂക്ഷമായി. രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് കൊച്ചി കോര്‍പറേഷന്‍ ഭരണം ലഭിച്ചതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി ലീഗ് ചരടുവലി തുടങ്ങിയിരുന്നു. ജില്ലാ കമ്മിറ്റി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. നഗരസഭയില്‍ രണ്ട് അംഗങ്ങളുള്ളതിനാല്‍ തങ്ങളുടെ സമ്മര്‍ദം ഫലിക്കുമെന്ന് ലീഗ് കണക്കുകൂട്ടുകയും ചെയ്തു. എന്നാല്‍, ഇത് മുന്‍കൂട്ടിക്കണ്ട കോണ്‍ഗ്രസ് നേതൃത്വം സി.പി.എം വിമതരുടെ പിന്തുണ ഉറപ്പിച്ച് മറുനീക്കം നടത്തി. ഇത് മണത്തറിഞ്ഞ ലീഗ് ഡെ. മേയര്‍ സ്ഥാനത്തിന് ബലംപിടിച്ചുമില്ല. എന്നാല്‍, ലീഗ് ശക്തമായി ആവശ്യപ്പെടുകയാണെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഡെ. മേയര്‍ സ്ഥാനം നല്‍കാമെന്ന ധാരണ കോണ്‍ഗ്രസില്‍ രൂപപ്പെട്ടിരുന്നു. ലീഗാകട്ടെ ആവശ്യം ശക്തമായി ഉന്നയിക്കാന്‍ തുനിഞ്ഞുമില്ല. ഡെ. മേയര്‍ സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിച്ചതിന് പ്രതിഫലമായി പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ടുവെച്ചത്. ഇത് നല്‍കാമെന്ന് ഏറക്കുറെ ധാരണയാവുകയും ചെയ്തു. ഇതോടെയാണ് ഈ സ്ഥാനം പിടിച്ചെടുക്കാന്‍ പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ രണ്ട് കൗണ്‍സിലര്‍മാരെ മുന്നില്‍ നിര്‍ത്തി ചരടുവലികള്‍ ആരംഭിച്ചത്. സാധാരണഗതിയില്‍ ഓരോ പാര്‍ട്ടിയിലെയും സീനിയര്‍ നേതാവാണ് മേയറെ അനുമോദിച്ച് പ്രസംഗിക്കാറ്. ഇക്കുറി ലീഗിന്‍െറ കാര്യത്തില്‍ ആ പതിവ് തെറ്റിയത് അണികള്‍ക്കിടയില്‍ മുറുമുറുപ്പായി മാറുകയും ചെയ്തു. ഇതിനുപിന്നാലെയാണ്, കോര്‍പറേഷനില്‍ ലീഗിന് അനുവദിച്ച ഏഴ് സീറ്റില്‍ അഞ്ചിലും തോറ്റതിന് ഉത്തരവാദികളെ തേടിയുള്ള പരാതിപ്പാച്ചില്‍. പശ്ചിമ കൊച്ചിയില്‍ മണ്ഡലം നേതാക്കള്‍ക്കെതിരെ ഒരുവിഭാഗവും കൗണ്‍സിലര്‍ക്കെതിരെ മറുവിഭാഗവും ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി അയച്ചിട്ടുണ്ട്. എറണാകുളം നഗരത്തിലെ ഉറച്ച യു.ഡി.എഫ് സീറ്റില്‍ ലീഗിന്‍െറ വനിതാ സ്ഥാനാര്‍ഥി തോറ്റതിനെതിരെ നഗരത്തിലെ നേതാക്കള്‍ക്കെതിരെയും പരസ്പരം പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം, വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറക്കാനുള്ള ശ്രമം നടന്നതായും പരാതിയുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള അവകാശവാദത്തിന് മങ്ങലേല്‍പിക്കാനാണ് പരസ്പരം പരാതി അയക്കുന്നതെന്ന് പ്രാദേശിക നേതാക്കള്‍തന്നെ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്. ഇതോടൊപ്പം പേമെന്‍റ് സീറ്റ് വിവാദവും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയത്. ഒടുവില്‍ പരാതികള്‍ അന്വേഷിക്കാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി പിരിയുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ ദയനീയ പരാജയം ജില്ലയില്‍നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്കും ക്ഷീണമായി. സംസ്ഥാന നേതൃത്വത്തിനുമുന്നില്‍ ഉത്തരം പറയേണ്ട അവസ്ഥയാണ്. അടുത്തയാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന വനിതാ ലീഗ് സമ്മേളനം പരാമവധി വിജയിപ്പിച്ച് പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പ് എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണം വിജയമാക്കിയതിന് നേതാക്കള്‍ക്ക് സംസ്ഥാന സമിതിയുടെ അഭിനന്ദനം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.