മത്സ്യസമ്പത്ത് കുറയാന്‍ കാരണം അശാസ്ത്രീയ മത്സ്യബന്ധനം –മന്ത്രി കെ. ബാബു

കൊച്ചി: സമുദ്രമത്സ്യ സമ്പത്ത് കുറഞ്ഞുവരുന്നതിന്‍െറ പ്രധാന കാരണം അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികളാണെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. മത്സ്യമേഖലക്ക് ഭീഷണിയായ കാലാവസ്ഥാവ്യതിയാനവും ആഗോള താപനവും തടയുന്നതോടൊപ്പം അമിത മത്സ്യബന്ധന രീതികളും ശക്തമായി തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ലോക ഫിഷറീസ് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അവഗണിച്ചുള്ള വ്യവസായവത്കരണവും മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സമുദ്രസമ്പത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മത്സ്യകൃഷിയില്‍ സംസ്ഥാനം മുന്നേറിയിട്ടുണ്ട്. വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിലൂടെ രണ്ടാം നീലവിപ്ളവം സാധ്യമാക്കുന്നതിനുള്ള കുഫോസിന്‍െറ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള പഠനത്തിന് കുഫോസ് മുന്‍കൈയെടുക്കണമെന്നും മന്ത്രി ബാബു പറഞ്ഞു. കുഫോസിന്‍െറ മൂന്നാമത് ഫിഷറീസ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച പരമ്പരാഗത മത്സ്യത്തൊഴിലാളിയായി എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശി കെ.എ. പൈലി കണക്കശ്ശേരിയും മികച്ച മത്സ്യകര്‍ഷകനായി പുത്തന്‍വേലിക്കര പഞ്ചായത്തിലെ തിരുത്തൂര്‍ സ്വദേശി പാടമ്മത്തുമ്മല്‍ വീട്ടില്‍ പി.ഡി. ജെന്‍സനും പുരസ്കാരങ്ങള്‍ സ്വീകരിച്ചു. മികച്ച ഫിഷറീസ് ശാസ്ത്രജ്ഞനുള്ള പുരസ്കാരം ഡോ. കെ. ഗോപകുമാറും മികച്ച ഫിഷറീസ് വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് കുഫോസിലെ എം.എഫ്.എസ്സി വിദ്യാര്‍ഥിയായിരുന്ന ശാലിനി ഗോപിയും മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. കുഫോസ് ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. വി.എന്‍. സഞ്ജീവന്‍, അന്‍വര്‍ ഹാഷിം, ഫിഷറീസ് ശാസ്ത്രജ്ഞന്‍ ഡോ. സുനില്‍ മുഹമ്മദ്, ഡോ. ഡെയ്സി സി. കാപ്പന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് ഷെര്‍ലി ജോര്‍ജ്, ഡോ. എം.കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.